ന്യൂഡൽഹി: രാജസ്ഥാനിൽ തന്നെ മുഖ്യമന്ത്രിയാക്കാൻ ഇനിയും വൈകരുതെന്നും അല്ലെങ്കിൽ പഞ്ചാബിൽ കോൺഗ്രസിനുണ്ടായ അനുഭവം ആവർത്തിക്കുമെന്നും സചിൻ പൈലറ്റ്. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഒരു വർഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തുടർഭരണം കിട്ടാൻ അധികാരമാറ്റം അനിവാര്യമാണെന്നും സചിൻ പറഞ്ഞു.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോടുമാണ് സചിൻ ആവശ്യമുന്നയിച്ചത്. അടുത്തമാസം കോൺഗ്രസിന്റെ ചിന്തൻ ശിബിരം രാജസ്ഥാനിൽ നടക്കാനിരിക്കെയാണ് നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തുവന്നത്.
കഴിഞ്ഞയാഴ്ച സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുമായി മൂന്നു വട്ടം സചിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സചിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം വാഗ്ദാനം ചെയ്ത് പ്രശ്നപരിഹാരത്തിന് സോണിയ നടത്തിയ നീക്കം ഫലം കണ്ടിട്ടില്ല. രാജസ്ഥാനിലാണ് തന്റെ അനുയായികളെന്നും അവിടെ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാമെന്ന വാഗ്ദാനവും സചിൻ സ്വീകരിച്ചില്ല. 2023 ഡിസംബറിലാണ് രാജസ്ഥാൻ തെരഞ്ഞെടുപ്പ്. പഞ്ചാബിന്റെ കാര്യത്തിൽ തെറ്റുപറ്റിയത് തനിക്കാണെന്നും ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ നേരത്തെ മാറ്റേണ്ടതായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ പറഞ്ഞിരുന്നു.
അതേസമയം, എന്തുവില കൊടുത്തും അധികാരത്തിൽ തുടരുമെന്ന നിലപാടിലാണ് അശോക് ഗെഹ്ലോട്ട്. സചിന്റെ നീക്കം മനസ്സിലാക്കി തന്റെ രാജി സോണിയ ഗാന്ധിയുടെ പക്കലുണ്ടെന്ന് ഞായറാഴ്ച അശോക് ഗെഹ്ലോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
ഒന്നര വർഷം മുമ്പ് 18 എം.എൽ.എമാരുമായി സചിൻ കലാപക്കൊടി ഉയർത്തിയിരുന്നു. സചിനെ പിന്തുണക്കുന്ന എം.എൽ.എമാർക്ക് മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം നൽകാമെന്ന ഉറപ്പിലാണ് അന്ന് സചിൻ വെടി നിർത്തലിന് സന്നദ്ധനായത്. ആൽവാറിൽ ഹിന്ദുക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തിച്ച ബി.ജെ.പി, ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.