ഭോപാൽ: 82 ശതമാനം ഹിന്ദുക്കളുള്ള ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലാതെ പിന്നെ എന്താണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ കമൽനാഥ്. “ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടുകളുണ്ട്. നമ്മുടെ രാജ്യത്ത് 82 ശതമാനം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. അപ്പോൾ ഇത് ഏത് തരം രാജ്യമാണ്? 82 ശതമാനം ഹിന്ദുക്കളുള്ള ഇവിടെ ഹിന്ദുരാഷ്ട്രം നിർമിക്കുന്നതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമുണ്ടോ?. ഞാൻ മതേതര വിശ്വാസിയാണ്. നമ്മുടെ ഭരണഘടനയിൽ എഴുതിയിരിക്കുന്ന പ്രകാരമുള്ളയാൾ’ -കമൽനാഥ് ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുസ്‍ലിംകൾക്കെതിരെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധനായ ബാഗേശ്വർ ധാം മുഖ്യ പുരോഹിതൻ ബാബ ബാഗേശ്വർ എന്ന ധീരേന്ദ്ര ശാസ്ത്രി നയിച്ച മത ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ്. അഖണ്ഡ ഹിന്ദു രാഷ്ട്രമെന്ന ശാസ്ത്രിയുടെ ആവശ്യത്തെ കമൽനാഥ് പിന്തുണച്ചു.
കഴിഞ്ഞ ദിവസം ഛിന്ദ്വാരയിൽ നടന്ന ത്രിദിന മതചടങ്ങിൽ ശാസ്ത്രിയെ കമൽനാഥ് പങ്കെടുപ്പിച്ചിരുന്നു. 27 കാരനായ ശാസ്ത്രിയെ 'ആത്മീയ ശക്തിയുടെ പ്രതീകം' എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. "മഹാരാജ് ജിയും ഞാനും തമ്മിലുള്ള ബന്ധം ഹനുമാന്റെ ബന്ധമാണ്. ഞാൻ ഒരു ഹിന്ദുവാണ്. നിങ്ങൾ ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഛിന്ദ്വാരയിലെ ജനങ്ങൾക്ക് ഈ ഭാഗ്യം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്... ദയവായി വീണ്ടും ഇവിടെ വരൂ, ഞങ്ങളുടെ ആഗ്രഹം ശമിക്കില്ല’ -കമൽ നാഥ് സമാപന ചടങ്ങിൽ ധീരേന്ദ്ര ശാസ്ത്രിയോട് പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, മസ്ജിദ് ശിവക്ഷേത്രമാണെന്നായിരുന്നു കമൽനാഥിന്റെ മറുപടി.
കമൽനാഥിന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സ്വരമാണെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ‘ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമായിരുന്നില്ല, ഒരിക്കലും ആവുകയുമില്ല, ഇൻഷാ അല്ലാഹ്’ -ഉവൈസി ട്വീറ്റ് ചെയ്തു. മറ്റ് പാർട്ടികളെ ബി.ജെ.പിയുടെ ബി ടീമെന്ന് ആരോപിക്കാൻ ഇനി കോൺഗ്രസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.