ശിവജി പ്രതിമ തകർന്ന സംഭവം: കൺസൾട്ടന്‍റ് അറസ്റ്റിൽ

പുണെ: മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ നിലംപൊത്തിയ സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്‍റിനെ അറസ്റ്റ് ചെയ്തു. ചേതൻ പാട്ടീൽ എന്നയാളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. എന്നാൽ, താനല്ല സ്ട്രക്ചറൽ കൺസൾട്ടന്‍റ് എന്നാണ് കോൽഹാപുർ സ്വദേശിയായ ചേതൻ പറയുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴി ഇന്ത്യൻ നാവികസേനക്ക് പ്ലാറ്റ്‌ഫോമിന്‍റെ ഡിസൈൻ സമർപ്പിച്ചിരുന്നെന്നും മറ്റൊന്നുമായും ബന്ധമില്ലെന്നുമാണ് ഇയാൾ പറയുന്നത്.

സിന്ധുദുർഗ് ജില്ലയിൽ രാജ്കോട്ട് ഫോർട്ടിലുള്ള 35 അടി വലിപ്പമുള്ള ശിവജി പ്രതിമയാണ് സ്ഥാപിച്ച് എട്ടു മാസം തികയും മുമ്പേ തകർന്നു വീണത്. നാവികസേന ദിവസമായ 2023 ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലുള്ള മഹാരാഷ്ട്രയിൽ പ്രതിമയുടെ തകർച്ച വൻ രാഷ്ട്രീയവിവാദമായിരിക്കുകയാണ്. വൈകാരികമായ ഈ വിഷയത്തെ കത്തിയാളിച്ച് മഹാവികാസ് അഘാഡി സഖ്യം, പ്രത്യേകിച്ച് ഉദ്ധവ് പക്ഷ ശിവസേന സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിമ തകർന്നതിന്‍റെ ഉത്തരവാദിത്തം പൂർണ്ണമായും നാവികസേനയിലും പ്രതിമ ഉണ്ടാക്കിയ ശില്പികളിലും പരിമിതപ്പെടുത്താൻ ആഞ്ഞു ശ്രമിക്കുകയാണ് ബി.ജെ.പി. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചതെന്നും വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ രംഗത്തുവന്നിരുന്നു.

പട്ടേൽ പ്രതിമയിലേക്കുള്ള റോഡ് തവിടുപൊടി; വെട്ടിലായി ബി.ജെ.പി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂനിറ്റിയിലേക്കുള്ള റോഡ് കനത്ത മഴയിൽ തകർന്ന് തരിപ്പണമായി. ശിവജി പ്രതിമ തകർന്നടിഞ്ഞതിനുപിന്നാലെ രാജ്യത്തിന് നാണക്കേടായ സംഭവമായി ഇത് മാറി. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. പപ്പടം കണക്കെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

Tags:    
News Summary - Consultant arrested in Shivaji statue collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.