ലഖ്നോ: ചന്ദ്രനിൽ ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന്റെ പേരിനെ ചൊല്ലി വിവാദം. ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവ ശക്തി പോയിന്റ് എന്ന് പേരിടാനുള്ള നീക്കത്തിനു പിന്നിൽ വർഗീയതയാണെന്ന് ആരോപിച്ച് സമാജ്‍വാദി പാർട്ടി എം.പി ശഫീഖുർറഹ്മാൻ ബർഖ് രംഗത്ത്. എല്ലാ കാര്യത്തിനും വർഗീയ നിറം നൽകാനുള്ള നീക്കമാണോ എന്നാണ് ബി.ജെ.പിയോട് എം.പിയുടെ ചോദ്യം. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ പേരാണ് ഇടേണ്ടിയിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
''മുൻ രാഷ്ട്രപതിയായ എ.പി.ജെ അബ്ദുൽ കലാം ഒരു ശാസ്ത്രജ്ഞനായിരുന്നു. ചന്ദ്രയാൻ ദൗത്യത്തിന് തുടക്കമിട്ടത് അദ്ദേഹമാണ്. ലാൻഡർ ഇറങ്ങിയ സ്ഥലത്ത് ആരുടെയെങ്കിലും പേരിടാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിന് ഏറ്റവും അർഹനായതും അബ്ദുൽ കലാമാണ്. ഈ നേട്ടത്തെ വർഗീയമായി ചിത്രീകരിക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്.''-സമ്പൽ എം.പി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി നേരിട്ട് അഭിനന്ദിക്കാനെത്തിയ വേളയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് പേരിട്ടത്. ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്നും 2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ ഭാഗം തിരംഗ പോയന്റ് എന്നും അറിയപ്പെടുമെന്നാണ് മോദി പ്രഖ്യാപിച്ചത്. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.