ശ്രീനഗർ: ജമ്മു കശ്മീരിൽ നിർബന്ധിതമായി തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന ആരോപണമുയർന്ന സിഖ് പെൺകുട്ടികളിലൊരാൾ നിഷേധവുമായി കോടതിയിൽ. ജമ്മു കശ്മീരിലാണ് 18കാരിയായ പെൺകുട്ടി താൻ ഇസ്ലാം വിശ്വസിച്ചത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്നും തന്നിഷ്ടപ്രകാരമാണെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപിച്ചത്. സമപ്രായക്കാരായ രണ്ടു പെൺകുട്ടികൾ ഒന്നിച്ച് നാടുവിട്ട സംഭവമാണ് കോടതിയിലെത്തിയത്.
രണ്ടുപേരും ഒന്നിച്ച് നാടുവിടുകയായിരുന്നുവെന്നും മുസ്ലിം യുവാക്കളെ വിവാഹം ചെയ്ത് സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രായപൂർത്തി എത്തിയതായും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായും ഇവർ കോടതിയെ അറിയിച്ചു. സംഭവത്തിൽ വാദംകേട്ട കോടതി പെൺകുട്ടിയെ കുടുംബത്തിന് കൈമാറി. പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്നും പൊലീസ് അടിച്ചേൽപിക്കരുതെന്നും ഇതോടൊപ്പം നിർദേശിച്ചു.
സംഭവത്തിൽ നിർബന്ധിത മതപരിവർത്തന ആരോപണവുമായി സിഖ് സംഘടനകൾ സജീവമായി രംഗത്തുവന്നിരുന്നു. പെൺകുട്ടികളിലൊരാൾ വിവാഹം ചെയ്തത് 45 കാരനെയാണെന്നും അയാൾക്ക് മൂന്നുകുട്ടികളുണ്ടെന്നും ഓൾ പാർട്ടി സിഖ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജഗ്മോഹൻ സിങ് പറഞ്ഞു. വിവാഹം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇസ്ലാമിൽ നിർബന്ധിത മതപരിവർത്തനമില്ലെന്നും സ്വയം ഇഷ്ടപ്രകാരം തീരുമാനമെടുക്കലാണെന്നും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ജമ്മു കശ്മീർ ഗ്രാൻറ് മുഫ്തി നാസിറുൽ ഇസ്ലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.