ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി ഡൽഹി പൊലീസിനോട് പറഞ്ഞു.
റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി 26ന് ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ ആഹ്വാനം ചെയ്തിരുന്നു. ഇത് തടയണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം. റിപബ്ലിക് ദിന ആഘോഷങ്ങളെ തടസപ്പെടുത്തുന്ന റാലിയോ പ്രതിഷേധങ്ങേളാ രാജ്യത്തെ നാണംകെടുത്തുമെന്ന് ഡൽഹി പൊലീസ് മുഖേന സുപ്രീംകോടതിയെ കേന്ദ്രം അറിയിക്കുകയായിരുന്നു. റിപബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് ട്രാക്ടർ മാർച്ച്, ട്രോളി മാർച്ച്, വാഹന ജാഥ, മറ്റു രീതിയിലുള്ള പ്രതിഷേധങ്ങൾ അതിനാൽ നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം, 1000 ട്രാക്ടറുകളുടെ റാലി നടത്തുമെന്നും രാജ്പഥിലെ റിപബ്ലിക് ദിന പരേഡ് തടസപ്പെടുത്തില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കും. 50 കിലോമീറ്ററാകും പരേഡ്. ഡൽഹി -ഹരിയാന പൊലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കർഷക നേതാക്കൾ പറഞ്ഞു. കേന്ദ്രസർക്കാറുമായി നിരന്തരം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രാക്ടർ റാലി നടത്താനുള്ള കർഷക സംഘടനകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.