ന്യൂഡൽഹി: ചീഫ് വിജിലൻസ് കമീഷണർക്കെതിരായ അഴിമതി ആരോപണം, നിലവിൽ ഇതു സംബന്ധി ച്ച നിയമാവലി ഇല്ലാത്തതിനാൽ അന്വേഷിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ചീഫ് വിജിലൻ സ് കമീഷണർ കെ.വി. ചൗധരിക്കെതിരായ പരാതിയുടെ തൽസ്ഥിതി അന്വേഷിച്ചുള്ള വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് പഴ്സനൽ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നിയമാവലി ഉണ്ടാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.
ചൗധരിക്കെതിരെ താൻ മുമ്പു നൽകിയ പരാതികളുടെ തൽസ്ഥിതി അറിയാൻ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനും വിവരാവകാശപ്രവർത്തകനുമായ സഞ്ജീവ് ചതുർവേദി നൽകിയ അപേക്ഷയിലാണ് സർക്കാറിെൻറ മറുപടി. ചീഫ് വിജിലൻസ് കമീഷണർ/ വിജിലൻസ് കമീഷണർമാർ എന്നിവർക്കെതിരായ അഴിമതിയോ മറ്റു ക്രമവിരുദ്ധ പ്രവർത്തനങ്ങളോ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിലവിൽ നിയമാവലികളൊന്നും ഇല്ലെന്നാണ് ചതുർവേദിക്ക് കിട്ടിയ മറുപടി.
ഇത്തരം പരാതികളും ആരോപണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള നിയമാവലി പഴ്സനൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ തയാറാക്കി വരികയാണെന്നും മറുപടിയിൽ പറയുന്നു. നിയമാവലി നിർമിച്ച ശേഷം അന്വേഷണാവശ്യം പരിഗണിക്കാമെന്നും മറുപടിയിൽ പറയുന്നു.
ഇതിനിടെ, സി.ബി.െഎ ഡയറക്ടർ അലോക് വർമയെ പ്രധാനമന്ത്രി തലവനായ സമിതി പുറത്താക്കിയത് കേന്ദ്ര വിജിലൻസ് കമീഷെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് എന്നതിനാൽ സർക്കാറിെൻറ ഇൗ വെളിപ്പെടുത്തലിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡൽഹി ഒാൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ (എയിംസ്) അഴിമതി സംബന്ധിച്ച സി.ബി.െഎ അന്വേഷണം അവസാനിപ്പിക്കാൻ ഉത്തരവിട്ട വിജിലൻസ് കമീഷണർ ചൗധരിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്, എയിംസിൽ മുഖ്യ വിജിലൻസ് ഒാഫിസറായിരുന്ന ചതുർവേദി 2017ൽ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഇത് രാഷ്ട്രപതിയുടെ ഒാഫിസ് പഴ്സനൽ മന്ത്രാലയത്തിന് കൈമാറി. ചീഫ് വിജിലൻസ് കമീഷണർ (സി.വി.സി) ആക്ടിലെ സെക്ഷൻ ആറ് അനുസരിച്ച് സി.വി.സിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക് റഫർ ചെയ്യാമെന്ന് ചതുർവേദി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി സെക്രേട്ടറിയറ്റ് ഇൗ പരാതിയും പഴ്സനൽ മന്ത്രാലയത്തിനു കൈമാറുകയുണ്ടായി. എയിംസിലെ മുതിർന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാനായിരുന്നു ചൗധരി അന്വേഷണം അവസാനിപ്പിച്ചതെന്നും ചതുർവേദി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.