ന്യൂഡൽഹി: ട്രാൻസ്പരൻസി ഇൻറർനാഷണൽ തയ്യാറാക്കിയ ആഗോള അഴിമതി സൂചികയിൽ 40 പോയിേൻറാടെ ഇന്ത്യ 85-ാം സ്ഥാനത്ത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അഴിമതിയുടെ കാര്യത്തിൽ തമ്മിൽ ഭേദം ഇന്ത്യയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ൽ 180 രാജ്യങ്ങളിൽ 86-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു സ്ഥാനം മാത്രമാണ് 2021ൽ മുകളിലേക്ക് കയറിയത്.
180 രാജ്യങ്ങളിലെ പൊതുമേഖലയിൽ നിലനിൽക്കുന്ന അഴിമതി കണക്കുകളെ പൂജ്യം മുതൽ 100 വരെയുള്ള സ്കെയിലേക്ക് കൊണ്ടുവന്നാണ് സൂചിക നിർണയിക്കുന്നത്. ഇന്ത്യയുടെ മറ്റ് അയൽരാജ്യങ്ങളുടെ സ്കോറുകൾ യഥാക്രമം ചൈന (45), ഇന്തോനേഷ്യ (38), പാകിസ്ഥാൻ (28), ബംഗ്ലാദേശ് (26) എന്നിങ്ങനെയാണ്. ഡെൻമാർക്ക്, ഫിൻലൻഡ്, ന്യൂസിലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്. വെനസ്വേല, സൊമാലിയ, സിറിയ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളാണ് റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ളത്.
അതേസമയം, ഒരു ദശാബ്ദത്തോളമായി അഴിമതിയിൽ മുങ്ങിയ രാജ്യമെന്ന അവസ്ഥയിൽ നിന്ന് ഇന്ത്യക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സൂചിക പരിശോധിക്കുന്ന 180 രാജ്യങ്ങളിൽ 2012ന് ശേഷം അഴിമതി നിയന്ത്രിക്കുന്ന കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും വരുത്താത്ത 86 ശതമാനം രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സ്ഥിതി ആശങ്കാജനകമാണെന്നും മൗലിക സ്വാതന്ത്ര്യവും സ്ഥാപനപരമായ പരിശോധനകളും മറ്റും കുറയുന്നതിനാൽ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയിലാണ് അഴിമതി കണക്കുകൾ വർധിക്കുന്നതെന്നും റിപ്പോർട്ട് അഭിപ്രായപ്പെട്ടു. പൗരസ്വാതന്ത്ര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിരുത്തരവാദപരമായ നടപടികളിലൂടെ ഏഷ്യാ പസഫിക്, അമേരിക്ക, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ എന്നീ രാജ്യങ്ങൾ അഴിമതിയെ അനിയന്ത്രിതമായി തുടർന്നുപോകാൻ അനുവദിക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.