ഭാഗ്പത് (ഉത്തർ പ്രദേശ്): കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ പക്ഷം ചേർന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. സർക്കാർ വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകുകയാണെങ്കിൽ കർഷകർ സമരം അവസാനിപ്പിക്കുമെന്ന് ജന്മനാട്ടിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
കർഷക നേതാവ് രാകേഷ് ടികായത്തിന്‍റെ അറസ്റ്റ് തടയാൻ താൻ നടപടി സ്വീകരിച്ചതായി അദ്ദേഹം അവകാവശപ്പെട്ടു.
'നിയമങ്ങളൊന്നും കർഷകർക്ക് അനുകൂലമല്ല. കർഷകരും സൈനികരും സംതൃപ്തരല്ലാത്ത ഒരു രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. ആ രാജ്യം സംരക്ഷിക്കാൻ കഴിയില്ല. അതിനാൽ സൈന്യത്തെയും കർഷകരെയും സംതൃപ്തരാക്കണം' -കർഷക സമരക്കാരോട് ഏറ്റുമുട്ടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർഥിച്ച് അദ്ദേഹം പറഞ്ഞു.
'ഓരോ മൂന്നു വർഷത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വർധിക്കുമ്പോൾ കർഷകർ ദിനംപ്രതി ദരിദ്രരാകുന്നു. ഒരു കൃഷിക്കാരൻ വിതക്കുന്നതിന് വിലകുറയുേമ്പാൾ, അയാൾ വാങ്ങുന്നതെല്ലാം ചെലവേറിയതാകുന്നു' -മാലിക് പറഞ്ഞു.
'കൃഷിക്കാർക്ക് ഇപ്പോൾ ഏത് സ്ഥലത്തും വിളകൾ വിൽക്കാൻ സാധിക്കുമെന്ന തരത്തിൽ ധാരാളം അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത് 15 വർഷം പഴക്കമുള്ള നിയമമാണ്. ഇതൊക്കെയാണെങ്കിലും, മഥുരയിൽ നിന്നുള്ള ഒരു കർഷകൻ ഗോതമ്പുമായി പൽവാലിലേക്ക് പോകുമ്പോൾ അയാൾക്ക് ലാത്തിചാർജ് ഏൽക്കും. സോനിപതിൽ നിന്നുള്ള ഒരു കർഷകൻ നരേലയിലേക്ക് വരുമ്പോൾ, അയാൾക്കും ലാത്തിച്ചാർജ് ഏൽക്കേണ്ടി വരും' -കർഷക സമരത്തെ പിന്തുണക്കുന്നവർക്ക് അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.