കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിനും യു.ജി.സി കരട് റിപ്പോർട്ടിനുമെതിരെ ഇൻഡ്യ സഖ്യ വിദ്യാർഥി സംഘടനകൾ ഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണനിയന്ത്രണം ആർ.എസ്.എസ് കൈകളിലെത്തിയാല്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതിനകം തന്നെ അവര്‍ ആ മേഖലയില്‍ സ്വാധീനമുറപ്പിച്ചുകഴിഞ്ഞു. പൂര്‍ണമായി അവരുടെ നിയന്ത്രണത്തിലായാല്‍ ആര്‍ക്കും ജോലി ലഭിക്കാതാകും. കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിനും യു.ജി.സി കരട് റിപ്പോർട്ടിനുമെതിരെ ഇൻഡ്യ സഖ്യ വിദ്യാർഥി സംഘടനകൾ ഡൽഹി ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.
ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. അധ്യാപക-അനധ്യാപക നിയമനം സംബന്ധിച്ച യു.ജി.സി കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ഭാഷയുമെല്ലാം ഒന്നാക്കുക എന്ന ആർ.എസ്.എസ് അജണ്ട മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ്. രാജ്യത്തെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും സ്ഥാപനങ്ങള്‍ ആർ.എസ്.എസിനും കൈമാറുക എന്നതാണ് അവരുടെ രീതിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയവും യു.ജി.സി കരട് ചട്ടവും പിൻവലിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാർഥി തെരഞ്ഞെടുപ്പ് നടത്തുക, നിര്‍ത്തലാക്കിയ സ്കോളര്‍ഷിപ്പുകളും ന്യൂനപക്ഷ പദ്ധതികളും തുടരുക, ചോദ്യ ചോർച്ച അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഒരാഴ്ചയായി രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തിന്റെ സമാപനമായിരുന്നു തിങ്കളാഴ്ച ജന്തർമന്തറിൽ.എൻ.എസ്.യു.ഐ, ഐസ, എസ്.എഫ്.ഐ, എം.എസ്.എഫ്, സമാജ്വാദി ഛത്രസഭ, എ.ഐ.എസ്.എഫ്, സി.ആർ.ജെ.ഡി തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.