മുംബൈ: ബി.ജെ.പി നേതാക്കൾക്ക് പങ്കുള്ള 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ അന്വേഷണത്തി ലെ മെല്ലെപ്പോക്കിൽ ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) രൂക്ഷമായി വിശമർശിച്ച് ബോംബെ ഹൈ കോടതി. അന്വേഷണം വൈകുന്നതിന് വിശദീകരണം നൽകാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ബി.പി. ധ ർമാധികാരി, എൻ.കെ. ബോർകർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എൻ.ഐ.എയോട് നിർദേശിച്ചു.
പ്രോസിക്യൂഷനും എൻ.ഐ.എയും പ്രതികളും ചേർന്ന് മനഃപൂർവം അന്വേഷണം താമസിപ്പിക്കുകയാണെന്ന് ഹരജിക്കാരനായ സമീർ കുൽകർണി ബോധിപ്പിച്ചു. വിചാരണ വേഗത്തിലാക്കാൻ പ്രത്യേക എൻ.ഐ.എ കോടതി സ്ഥാപിക്കുന്നതിന് 2018 ഒക്ടോബറിൽ ഹൈകോടതി ഉത്തരവിട്ടതാണ്.
എന്നാൽ, കഴിഞ്ഞ ആറുമാസത്തിനിടെ 14 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. വിചാരണ നടപടികളുമായി ഏതെങ്കിലും പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അക്കാര്യം സീൽവെച്ച കവറിൽ ജഡ്ജിക്ക് സമർപ്പിക്കണമെന്ന് 2019 ജനുവരിയിൽ ഹൈകോടതി ഉത്തരവിട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിചാരണ കോടതിയുടെ റിപ്പോർട്ട് പരിശോധിച്ച ഹൈകോടതി, പ്രഥമദൃഷ്ട്യാ വിചാരണയിൽ ഒരു പുരോഗതിയും കാണുന്നില്ലെന്ന് വ്യക്തമാക്കി. തുടർന്ന് എൻ.ഐ.എയോട് വിശദീകരണം തേടിയ കോടതി കേസ് മാർച്ച് 16ലേക്ക് മാറ്റി.
ആറുപേരുടെ മരണത്തിനും നൂറോളം പേർക്ക് പരിക്കേൽക്കാനും ഇടയായ മാലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിലുള്ള ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകുറാണ് മുഖ്യപ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.