ടീസ്റ്റ സെറ്റൽവാദ്
അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിൽ ഇരകൾക്കുവേണ്ടി നിലകൊണ്ട സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ എടുത്ത കേസ് വിചാരണക്കായി മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അഹ്മദാബാദ് സെഷൻസ് കോടതിയിലേക്ക് മാറ്റി.
നിരപരാധികളെ കുറ്റക്കാരാക്കാനും ഗുജറാത്തിനെ അപകീർത്തിപ്പെടുത്താനുമായി മൂവരും വ്യാജ തെളിവുകൾ ചമച്ചുവെന്ന് ആരോപിച്ച് 2022 ജൂണിൽ അഹ്മദാബാദ് പൊലീസാണ് കേസെടുത്തിരുന്നത്.
പ്രത്യേകസംഘം അന്വേഷിച്ച കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ ടീസ്റ്റയും ശ്രീകുമാറും ഇപ്പോൾ ഇടക്കാല ജാമ്യത്തിലാണ്. അന്നത്തെ ബി.ജെ.പി സർക്കാറിനെതിരെ മൊഴി നൽകിയ സഞ്ജീവ് ഭട്ട് ഒരു കസ്റ്റഡി മരണക്കേസിൽ പ്രതിചേർക്കപ്പെട്ട് ഇപ്പോൾ ജീവപര്യന്തം തടവിലുമാണ്.
ജീവപര്യന്തമോ ഏഴു വർഷത്തിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയത് എന്നതിനാലാണ് വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ നിയമപോരാട്ടം സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് പൊലീസ് മൂവർക്കുമെതിരെ കേസെടുത്തത്.
വംശഹത്യയുമായി ബന്ധപ്പെട്ട് ‘നിരപരാധികൾ’ക്കെതിരെ കള്ളക്കേസ് ചമക്കാൻ വ്യാജ തെളിവുകൾ സൃഷ്ടിച്ച് മൂവരും നിയമ നടപടിയെ അവഹേളിച്ചുവെന്നാണ് കേസ്. ഹിന്ദുത്വ കലാപകാരികൾ ചുട്ടുകൊന്ന മുൻ എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ, മോദിയടക്കം 63 പേർ കൃത്യവിലോപം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയടക്കം വ്യജരേഖക്കുള്ള തെളിവാണെന്നാണ് പൊലീസ് ഭാഷ്യം.
ഈ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘത്തിനു മുമ്പാകെ ശ്രീകുമാർ സമർപ്പിച്ച സത്യവാങ്മൂലം, സഞ്ജീവ് ഭട്ട് അയച്ച ഇ-മെയിലുകൾ, ഫാക്സ് എന്നിവയും വ്യാജ തെളിവാണെന്ന് പൊലീസ് അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.