ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ബന്ധുവിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാനാണ് ജാമ്യം

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ രാജ്യ​ദ്രോഹക്കു​റ്റമാരോപിക്കപ്പെട്ട്  ജയിലിൽ കഴിയുന്ന വിദ്യാർഥി ആക്ടിവിസ്റ്റ് ഉമർഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചു. ബന്ധുവിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാനാണ് ഡൽഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഡൽഹി കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആണെന്നാരോപിച്ചാണ് ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചത്. 

ജാമ്യമോ വിചാര​ണയോ ഇല്ലാതെ 2020 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 14ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ വിദ്യാർഥിയെ ഡൽഹി പോലീസി​ന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയിൽവരുന്ന കുറ്റങ്ങൾക്ക് പോലും ജാമ്യം നൽകാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ ജാമ്യം തേടി നിരവധി തവണ ഖാലിദ് ഒന്നിലധികം കോടതികളെ സമീപിച്ചെങ്കിലും പുറത്തേക്കു​ള്ള വഴി തുറന്നില്ല.

ആരോപിക്കപ്പെട്ട കുറ്റം നിഷേധിച്ച് നിരപരാധിയാണെന്ന് വാദിക്കുന്ന ഈ 36കാരൻ, സമാധാനപരമായ ഒരു പ്രതിഷേധത്തിൽ മാത്രമാണ് താൻ പങ്കെടുത്തതെന്ന് പറയുന്നു. കലാപം നടന്ന് മാസങ്ങൾക്കുള്ളിൽ വിവിധ കേസുകളിലായി 2500ഓളം പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വാദങ്ങളും വിചാരണകളും നടത്തി ഇതിനകം 2000ത്തിലധികം പേർക്ക് കീഴ്‌ക്കോടതികൾ ജാമ്യം നൽകി. ‘അന്തംകെട്ട’ അന്വേഷണത്തി​ന്‍റെ പേരിൽ ഈ കോടതികൾ പല ഘട്ടങ്ങളിലും പൊലീസിനെ ശാസിക്കുകയും ചെയ്തു. എന്നാൽ, ഖാലിദിനെതിരെ ഇനിയും വിചാരണ ആരംഭിച്ചിട്ടില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ഖാലിദിനെ മറ്റ് 17 പേർക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരിൽ പലരും ജാമ്യത്തിലിറങ്ങി. ജയിലിലടച്ച് ഒന്നര വർഷത്തിന് ശേഷം 2022 മാർച്ചിൽ കർക്കർദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിച്ചു. പിന്നീട്, ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും അവിടെയും നിഷേധിച്ചു. തുടർന്ന് ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപിച്ചു. 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, 11മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള അദ്ദേഹത്തി​ന്‍റെ ഹരജി മാറ്റിവെക്കുകയുണ്ടായി.

Tags:    
News Summary - Court grants interim bail to Umar Khalid in Delhi riots conspiracy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.