54ാം വയസിലും യുവാവെന്ന് നടിക്കുന്ന നേതാവാണ് ബി.ജെ.പി ഭരണഘടനയെ മാറ്റുകയാണെന്ന് പറഞ്ഞു നടക്കുന്നത് -രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 54ാം വയസിലും യുവാവെന്ന് പറഞ്ഞുനടക്കുന്ന ചില രാഷ്ട്രീയക്കാരാണ് യാഥാർഥ്യങ്ങൾ പോലും മനസിലാക്കാതെ ബി.ജെ.പി ഭരണഘടന മാറ്റുന്നുവെന്ന് പറഞ്ഞുനടക്കുന്നത് എന്നായിര​ുന്നു അമിത് ഷായുടെ പരിഹാസം. ഭരണഘടന മാറ്റുന്നതിനുള്ള വ്യവസ്ഥ 368ാം വകുപ്പിൽ പറയുന്നതാണെന്ന് അത്തരക്കാർ മനസിലാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

''ഒരിക്കലും മാറ്റാൻ പറ്റാത്തതാണ് ഭരണഘടന എന്ന് എവിടെയും പറയുന്നില്ല. ഭരണഘടന മാറ്റുന്നതിനുള്ള വ്യവസ്ഥയാണ് 368ാം വകുപ്പിലുള്ളത്. 54ാം വയസിലും യുവാവാണെന്ന് സ്വയം കരുതുന്ന ഒരു നേതാവാണ് ഞങ്ങൾ ഭരണഘടന മാറ്റുകയാണെന്ന് പറഞ്ഞു നടക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതി അതിനുള്ളിൽ തന്നെയുണ്ട്.''-എന്നാണ് അമിത് ഷാ പറഞ്ഞത്.

ഭരണഘടനയെ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കിയ കോൺഗ്രസ് അധികാരം നിലനിർത്താൻ അതിൽ ഭേദഗതി വരുത്തി. 55 വർഷമാണ് കോൺഗ്രസ് ഇന്ത്യ ഭരിച്ചത്. അക്കാലയളവിൽ 77 തവണ അവർ ഭരണഘടന ഭേദഗതി വരുത്തി. എന്നാൽ 16 വർഷം രാജ്യം ഭരിച്ച ബി.ജെ.പി 22 തവണയാണ് ഭരണഘടനയിൽ മാറ്റം വരുത്തിയതെന്നും അമിത് ഷാ പറഞ്ഞു. തോൽക്കുമെന്ന് ഭയന്നിട്ടാണ് കോൺഗ്രസ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

തെരഞ്ഞെടുക്കുമ്പോൾ തോൽക്കുമ്പോ​ഴൊക്കെ അവർ ഇ.വി.എമ്മിനെ കുറ്റം പറയും. അല്ലാത്തപ്പോൾ ഒരു പ്രശ്നവുമില്ല. മതാടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം അനുവദിക്കില്ലെന്നും എല്ലാ സംസ്ഥാനത്തും ഏക സിവിൽകോഡ് നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സംവരണ വിരുദ്ധരാണ് കോൺഗ്രസ്. അവർ അധികാരത്തിനായി സംവരണം നടപ്പാക്കുമെന്ന് പറയുകയാണ്. കോണ്‍ഗ്രസ് ഭരണഘടനയെ സ്വകാര്യ സ്വത്താക്കി മാറ്റിയെന്ന് കുറ്റപ്പെടുത്തിയ ഷാ, വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് വര്‍ഷങ്ങളായി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയതെന്നും വിമർശിച്ചു.

Tags:    
News Summary - Amit Shah's Constitution dig at Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.