മുംബൈ: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ യാത്രാബോട്ടിൽ നാവികസേന ബോട്ട് ഇടിച്ച് 13 പേർക്ക് ദാരുണാന്ത്യം. 10 യാത്രക്കാരും മൂന്ന് നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് മരണസംഖ്യ അറിയിച്ചത്.
ഒരു നാവിക ഉദ്യോഗസ്ഥനും ബോട്ടിന്‍റെ യന്ത്രം പരിശോധിക്കാൻ എത്തിയ രണ്ട് ടെക്നീഷ്യന്മാരുമാണ് മരിച്ചതെന്ന് നാവിക സേന അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. 80 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ചു ജീവനക്കാർ ഉൾപ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്. 97 പേരെ രക്ഷപ്പെടുത്തി.
വൈകുന്നേരം നാല് മണിയോടെ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് പോയ നീൽ കമൽ എന്ന യാത്രാബോട്ടാണ് മുങ്ങിയത്. നേവിയുടെ സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് ഇടിച്ചതാണ് വൻ അപകടത്തിന് കാരണമായത്. ബോട്ടില്‍നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി, ബോട്ട് ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചു. 11 നാവികസേന ബോട്ടുകളും മൂന്ന് മറൈൻ പൊലീസ് ബോട്ടുകളും ഒരു കോസ്റ്റ് ഗാർഡ് ബോട്ടും തിരച്ചിലിനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. നാല് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.