ബ്രിജ് ഭൂഷണ്‍ സിങ്ങിന് തിരിച്ചടി; ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതി കുറ്റം ചുമത്തി

 ന്യൂഡൽഹി: ആറ് വനിതാ ഗുസ്തിതാരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടു. കേസിൽ ബ്രിജ് ഭൂഷനെതിരെ മതിയായ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് (സ്ത്രീയുടെ അന്തസ്സ് ഹനിക്കുകയെന്ന ലക്ഷ്യത്തോടെ ബലാൽക്കാരം നടത്തുക), 354 എ (ലൈംഗികാതിക്രമം), 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്താനാണ് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പ്രിയങ്ക രാജ്പൂത്ത് നിർദേശിച്ചിരിക്കുന്നത്. മേയ് 21ന് കോടതി ഔദ്യോഗികമായി കുറ്റം ചുമത്തും. കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അസി. സെക്രട്ടറിയുമായ വിനോദ് തോമറിനെതിരെയും കുറ്റം ചുമത്താൻ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വനിതാ ഗുസ്തിക്കാരിൽ ഒരാൾ നൽകിയ പരാതിയിൽ ബ്രിജ് ഭൂഷണെ കുറ്റമുക്തനാക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു ഗുസ്തിതാരം ബ്രിജ് ഭൂഷനെതിരെ നൽകിയ ലൈംഗിക പീഡന പരാതി റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോയെന്ന കാര്യത്തിൽ മേയ് 20ന് മറ്റൊരു ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിക്കും.

ആറ് തവണ എം.പിയായ സിങ്ങിനെതിരെ ജൂൺ 15ന് ഡൽഹി പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞവർഷം ജനുവരിയിലാണ് പ്രമുഖ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ രംഗത്തെത്തിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല. അതേസമയം, മകൻ കരൺ ഭൂഷൺ സിങ് കൈസർഗഞ്ചിൽ ബി.ജെ.പി സ്ഥാനാർഥിയാണ്.

Tags:    
News Summary - Court orders framing of charges in sex harassment case against Brij Bhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.