വിദ്യാർഥികളടക്കം 100ഓളം പേർക്ക്​ കോവിഡ്; ഐ.ഐ.ടി മദ്രാസ്​ അടച്ചു

ചെന്നൈ: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്​ഥാപനമായ മദ്രാസ്​ ഐ.ഐ.ടി 100ഓളം കേസുകളുമായി കോവിഡ്​ ക്ലസ്​റ്ററായി മാറി. കൂടുതൽ പേർക്ക് ഇവിടെ രോഗബാധക്ക്​​ സാധ്യതയുമുണ്ട്​. ഒരു മെസ് മാത്രം പ്രവർത്തിപ്പിക്കാനുള്ള തീരുമാനമാണ് രോഗം വ്യാപകമായി പടരാൻ കാരണമായതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

ഇവിടെ മാസ്​ക്​ ഉപയോഗിക്കാൻ കഴിയാത്തതും നിരവധി പേർ ഒരുമിച്ച്​ ഭക്ഷണം കഴിക്കാൻ എത്തുന്നതും പ്രശ്​നത്തി​െൻറ ആഘാതം കൂട്ടി. മൊത്തം 774 വിദ്യാർഥികളാണ്​ കാമ്പസിലുണ്ടായിരുന്നത്​​. ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഗവേഷകരുമായിരുന്നു ഇതിലധികവും. രോഗബാധിതരിൽ ഭൂരിഭാഗവും കൃഷ്ണ, യമുന എന്നീ രണ്ട് ഹോസ്​റ്റലുകളിൽ താമസിക്കുന്നവരാണ്.

കോവിഡ്​ പടർന്നതോടെ ഐ.ഐ.ടിയിലെ എല്ലാ വകുപ്പുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചു. ജീവനക്കാരോട്​ വീട്ടിൽ നിന്ന് ജോലിചെയ്യാൻ ആവശ്യപ്പെടുകയും ചെയ്​തു​.

പനി, വരണ്ട ചുമ, തൊണ്ടവേദന, വയറിളക്കം, രുചി / മണം നഷ്​ടപ്പെടൽ, മറ്റേതെങ്കിലും ലക്ഷണങ്ങളുള്ളവർ ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിർദേശമുണ്ട്​. ഇവർക്ക്​ ആവശ്യമായ ഭക്ഷണം റൂമുകളിൽ എത്തിച്ചുനൽകും.

66 വിദ്യാർഥികൾക്കും അഞ്ച് സ്റ്റാഫ് അംഗങ്ങൾക്കുമാണ്​ ഞായറാഴ്​ച രോഗം സ്​ഥിരീകരിച്ചത്​​. തിങ്കളാഴ്​ച 33 ​പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. 20 ശതമാനമാണ്​ ഇവിടത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കോവിഡ്​ ബാധിച്ചവർ സുഖംപ്രാപിക്കുകയാണെന്ന്​​ അധികൃതർ പറഞ്ഞു.

കോവിഡ്​ പടർന്നതോടെ എല്ലാ വിദ്യാർഥികളെയും പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ നിർദേശിച്ചു. ഒപ്പം വിദ്യാർഥികൾ രണ്ടാഴ്ച ക്വാറ​ൻറീനിൽ കഴിയുകയും വേണം​​. അതേസമയം, ഇവർക്ക്​ ആവശ്യമായ ക്വാറൻറീൻ സൗകര്യം കുറവാണെന്ന്​ ആക്ഷേപമുണ്ട്​​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.