ചണ്ഡീഗഢ്: നൂഹ് വർഗീയകലാപത്തിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ ബജ്രംഗ്ദൾ നേതാവ് ബിട്ടു ബജ്‌റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഫരീദാബാദ് എൻ.ഐ.ടി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് ബിട്ടു ബജ്‌റംഗി മത്സരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഒക്ടോബർ അഞ്ചിനാണ് ഹരിയാന തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
2023 ജൂലൈയിൽ ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്‌റംഗി. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഫരീദാബാദിൽ ഒരു യുവാവിനെ പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിലിട്ട് ആക്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തിരുന്നു.
നൂഹിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 15നാണ് ബിട്ടു ബജ്റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗിയും സഹായി മോനു മനേസറും നൂഹിൽ വർഗീയ സംഘർഷം ആളിക്കത്തിക്കാൻ പ്രകോപനപരമായ വിഡിയോകൾ പുറത്തുവിട്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ആഗസ്റ്റ് 30ന് ഇയാൾക്ക് ജാമ്യം ലഭിച്ചു.
നൂഹിൽ കഴിഞ്ഞവർഷം ജൂലൈ 31നുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്‌റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.