ഡൽഹി: സുഹൃത്തിന്റെ മകനായ ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടൽ ജീവനക്കാരനെ അന്വേഷിച്ചാണ് ഡൽഹി പൊലീസ് തന്റെ വസതിയിലെത്തിയതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമങ്ങളുടെ വായടപ്പിക്കാനാണ് പൊലീസ് നീക്കമെങ്കിൽ ഇതിന് പിന്നിലെ കാരണം രാജ്യം അറിയണമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ കേസ് ചുമത്തി ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് യെച്ചൂരിയുടെ വസതിയിലും ഇന്ന് റെയ്ഡ് നടന്നത്.
‘തന്റെ കൂടെ താമസിക്കുന്ന സുഹൃത്തിന്റെ മകൻ ന്യൂസ്‌ക്ലിക്കിൽ ജോലി ചെയ്യുന്നതിനാലാണ് പൊലീസ് വസതിയിൽ വന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ലാപ്‌ടോപ്പും ഫോണും കൊണ്ടുപോവുകയും ചെയ്തു. അവർ എന്താണ് അന്വേഷിക്കുന്നതെന്ന് ആർക്കും അറിയില്ല. മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമമാണെങ്കിൽ ഇതിന് പിന്നിലെ കാരണം രാജ്യം അറിയണം’ -അദ്ദേഹം പറഞ്ഞു.
ഭീകരബന്ധം ആരോപിച്ചാണ് ‘ന്യൂസ് ക്ലിക്കു’മായി ബന്ധമുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിൽ റെയ്ഡ് നടത്തിയത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ വ്യാപക പരിശോധന.
വീഡിയോ ജേർണലിസ്റ്റ് അഭിസാർ ശർമ, മുതിർന്ന പത്രപ്രവർത്തകരായ ഭാഷാ സിങ്, ഊർമിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരൻ, പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവർത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് പരിശോധന.
ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.