സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കാൻ ആഹ്വാനവുമായി സി.പി.എം

തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനതലങ്ങളില്‍ ബി.ജെ.പിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷപാര്‍ടികള്‍ പദ്ധതികള്‍ തയാറാക്കണം.

ഗുജറാത്തില്‍ വന്‍വിജയം നേടിയ ബി.ജെ.പി ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. മൂന്ന് ദശകമായി ആർ.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ഗുജറാത്തില്‍ ആഴമേറിയ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബി.ജെ.പി അവിടെ തുടര്‍ച്ചയായ ഏഴാം തവണയും നേടിയ വിജയം. ഹിന്ദു ദേശീയ വികാരം ഉയര്‍ത്തിക്കാട്ടിയും 'ഗുജറാത്തി അഭിമാനത്തെ'ക്കുറിച്ചുള്ള നാട്യങ്ങള്‍ പ്രചരിപ്പിച്ചുമാണ് വിലക്കയറ്റം, തൊഴിലില്ലായ്‌മ, പരിതാപകരമായ പൊതുജനാരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ മറികടന്നത്.

ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബി.ജെ.പി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയം. ബി.ജെ.പിയുടെ ദുര്‍ഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിത്.

ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും എല്ലാ പ്രലോഭനങ്ങളും ഉപായങ്ങളും തള്ളിയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തിയത്. 15 വര്‍ഷമായി ഭരിച്ചുവന്ന കോര്‍പറേഷനാണ് ബി.ജെ.പിക്ക് നഷ്‌ടമായത്. ബി.ജെ.പി വന്‍തോതില്‍ പണശക്തിയും വിഭവങ്ങളും കൈയ്യാളുന്നുണ്ടെങ്കിലും അവരെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഹിമാചല്‍പ്രദേശ്, ഡല്‍ഹി ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കൊട്ടിഘോഷിക്കുന്ന മോദിഘടകത്തിന്റെ പരിമിതികളും ഈ തെരഞ്ഞെടുപ്പിൽ പ്രകടമായെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - CPM calls for building anti-BJP unity in states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.