ന്യൂഡൽഹി: പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഡല്‍ഹിയിലെ സി.പി.എം പഠനകേന്ദ്രമായ സുര്‍ജിത് ഭവനില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന സെമിനാർ റദ്ദാക്കി. ജി20 ഉച്ചകോടിക്ക് ബദലായി ‘വി20’ എന്ന പേരിൽ സംഘടിപ്പിച്ച മൂന്നു ദിവസ സെമിനാറിന്‍റെ അവസാന ദിവസത്തെ സെഷനാണ് സംഘാടകർ റദ്ദാക്കിയത്. ഞായറാഴ്ച രാവിലെ പരിപാടിക്കെതിരെ പൊലീസിൽനിന്ന് രേഖാമൂലം നോട്ടീസ് ലഭിച്ചതായി സംഘാടക സമിതി അംഗം ജോ അത്യാലി പറഞ്ഞു.
ശനിയാഴ്ച രാവിലെ സെമിനാറിനെത്തിയവരെ സുർജിത് ഭവന്‍റെ ഗേറ്റ് പൂട്ടിയിട്ട് പൊലീസ് തടഞ്ഞിരുന്നു. ഇത് മറികടന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അടക്കമുള്ളവർ പങ്കെടുത്ത് പരിപാടി നടത്തി. പാര്‍ട്ടി ഓഫിസിൽ നടക്കുന്ന പരിപാടികളില്‍ അനുമതി തേടേണ്ടതില്ലെന്ന് അറിയിച്ചാണ് സംഘാടകർ ശനിയാഴ്ച സെമിനാറുമായി മുന്നോട്ടുപോയത്.
എന്നാൽ, പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഞായറാഴ്ചയിലെ സെഷൻ റദ്ദാക്കിയത്. സുർജിത് ഭവന് ബുദ്ധിമുട്ടുണ്ടാകേണ്ട എന്നു കരുതിയാണ് വി20 പരിപാടി റദ്ദാക്കിയതെന്ന് സംഘാടക സമിതി അംഗം ജോ അത്യാലി പറഞ്ഞു. ജനങ്ങളുടെ വിഷയം ഉയർത്തുന്നതിൽ സർക്കാറിന്റെ എതിർപ്പ് കാരണമാവാം പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.