ത്രിപുരയിൽ മാറ്റത്തിന്‍റെ കാറ്റ്; ഭരണവിരുദ്ധ വികാരത്തിൽ പകച്ച് ബി.ജെ.പി

ന്യൂഡൽഹി: പൂജ്യം സീറ്റിൽനിന്ന് 36 സീറ്റ് നേടി ത്രിപുര പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ച ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സംസ്ഥാനത്ത് നേരിടുന്നത് കനത്ത ഭരണവിരുദ്ധ വികാരം. 25 വർഷം തുടർച്ചയായി അടക്കിവാണ സി.പി.എം, ഭരണം തിരിച്ചുപിടിക്കാൻ നീണ്ടകാലം ബദ്ധവൈരികളായിരുന്ന കോൺഗ്രസുമായും ഗോത്രമേഖലയിൽ സ്വാധീനമുള്ള തിപ്ര മോത്ത പാർട്ടിയുമായും കൈകോർത്തതും ബി.ജെ.പിക്ക് തുടർഭരണത്തിന് വെല്ലുവിളി സൃഷ്ടിക്കും.

തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കിയിരിക്കെ മുഖ്യമന്ത്രി ബിപ്ലവ് ദേവിനെ മാറ്റി രാജ്യസഭ എം.പിയായിരുന്ന മാണിക് സാഹയെ ബി.ജെ.പി കേന്ദ്ര നേതൃത്വം പരീക്ഷിച്ചത് ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞാണ്. ഭരണപരിചയമില്ലാത്തതും പ്രതിസന്ധികളെ മറികടക്കാൻ ബി.ജെ.പിക്ക് ഏറെ തിരിച്ചടിയുണ്ടാക്കി.

ഒരു വർഷത്തിനിടെ ബി.ജെ.പിയിൽനിന്ന് അഞ്ചും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്ൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യിൽനിന്ന് മൂന്നും എം.എൽ.എമാരാണ് രാജിവെച്ചത്. ഇതിൽ നാലു പേർ കോൺഗ്രസിലും മൂന്നു പേർ തിപ്ര മോത്തയിലും ഒരാൾ തൃണമൂൽ കോൺഗ്രസിലും ചേർന്നു.

ഭരണം തിരിച്ചുപിടിച്ചില്ലെങ്കിൽ നിലനിൽപുണ്ടാവില്ലെന്ന തിരിച്ചറിവാണ് 25 വർഷം തങ്ങളുടെ പ്രതിപക്ഷമായിരുന്ന കോൺഗ്രസുമായി കൈകോർക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.

സഖ്യ രൂപവത്കരണത്തിനുശേഷമുള്ള സീറ്റുധാരണയില്‍ പ്രാദേശിക വിഷയങ്ങളും പഴയ ഭിന്നതകളും കടന്നുകൂടി തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നുണ്ട്. തിപ്ര മോത്തയുമായി ധാരണ വിജയിച്ചാൽ അവർക്ക് സ്വാധീനമുള്ള 20 മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടത്താനാകും. ബി.ജെ.പിയുമുള്ള സീറ്റ് വ്യത്യാസം വലുതാണെങ്കിലും വോട്ടുവിഹിതത്തിൽ ഒരു ശതമാനം മാത്രമാണുള്ളത്. കോൺഗ്രസും തിപ്ര മോത്തയുമായി ഒരുമിക്കുന്നതോടെ തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം.

ജനസ്വാധീനമുള്ള നാലു ബി.ജെ.പി എം.എൽ.എമാർ പാർട്ടിയിൽ എത്തിയത് കോൺഗ്രസിന് ഊർജം പകരും. ബി.ജെ.പി വിട്ട സുദീപ് റോയ് ബർമൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു സീറ്റും ഇല്ലാതിരുന്ന കോൺഗ്രസിന് ഒരു സീറ്റ് നേടിക്കൊടുത്തിരുന്നു. പുതിയ പാർട്ടിയായ തിപ്ര മോത്ത 2021ൽ നടന്ന ഗോത്ര സമിതി കൗൺസിൽ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം നടത്തുകയുണ്ടായി.

ഗോത്രവർഗക്കാർക്കായി പ്രത്യേക സംസ്ഥാനം എന്നതാണ് പാർട്ടിയുടെ ആവശ്യം. തിപ്ര മോത്തയുടെ വളർച്ച ബി.ജെ.പിയുടെ സഖ്യകക്ഷി ഐ.പി.എഫ്.ടിയുടെ വോട്ടിൽ വിള്ളലുണ്ടാക്കും. 2021 മുതൽ തൃണമൂൽ കോൺഗ്രസും ത്രിപുരയിൽ സാന്നിധ്യമറിയിക്കാൻ ശ്രമം നടത്തിവരുന്നുണ്ട്. ആരുമായി സഖ്യം വേണ്ട എന്നാണ് തൃണമൂലിന്‍റെ തീരുമാനം.

60 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 2018ൽ ബി.ജെ.പിക്ക് 36ഉം സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് എട്ടും സി.പി.എമ്മിന് 16ഉം സീറ്റുകളാണ് ലഭിച്ചത്. 2022ൽ നാലു സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരു സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. നിലവിൽ ബി.ജെ.പിക്ക് 34ഉം ഐ.പി.എഫ്.ടിക്ക് അഞ്ചും സീറ്റുകളാണുള്ളത്. നാലു സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

Tags:    
News Summary - CPM to join hands with Congress to regain power in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.