ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിലും കോൺഗ്രസും സി.പി.എമ്മും സ്വന്തം വഴിക്ക്. ഇൻഡ്യ മുന്നണിയുടെ പൊതുതാൽപര്യം മുൻനിർത്തിയുള്ള വിട്ടുവീഴ്ചയൊന്നുമില്ല. 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 17 മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മറ്റിടങ്ങളിൽ ബി.ജെ.പിക്കെതിരെ ജയസാധ്യത നോക്കി കോൺഗ്രസിന്റേതടക്കം മറ്റു സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യും.
ഇൻഡ്യ മുന്നണിയുടെ വിശാല കാഴ്ചപ്പാടോടെ സീറ്റു ധാരണയുണ്ടാക്കാൻ വിട്ടുവീഴ്ചകൾക്കൊന്നും കോൺഗ്രസ് തയാറായില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാമിന്റെ കുറ്റപ്പെടുത്തൽ. പാർട്ടിക്ക് രണ്ട് എം.എൽ.എമാരുണ്ട്. രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റ് അഞ്ചിടങ്ങളിൽ 45,000ഓളം വോട്ട് പാർട്ടിക്കുണ്ട്.
ഈ പരിഗണനയൊന്നും നൽകാൻ കോൺഗ്രസ് തയാറായില്ല. സി.പി.എമ്മിന് പരമാവധി മൂന്നുസീറ്റ് നൽകാമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സുഖ്ജിന്ദർസിങ് രൺധാവ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് 17 സീറ്റിൽ മത്സരിക്കുന്നത്. കോൺഗ്രസ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടി വോട്ടു തേടുമെന്നും പാർട്ടി നേതൃത്വം പറയുന്നു.
സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയിൽ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയും പത്രിക നൽകി. നാലുവട്ടം എം.എൽ.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വർഷം തോറ്റ സീക്കർ ജില്ലയിലെ ദത്താരാംഗഡിൽ വീണ്ടും മത്സരിക്കും.
സീക്കർ -ഉസ്മാൻ ഖാൻ, അനുമാൻ ഗഡ് -രഘുവീർ വർമ, ലക്ഷ്മൺഗഡ്-വിജേന്ദ്ര ധാക്ക, നോഹർ -മംഗേഷ് ചൗധരി, റായ്സിങ് നഗർ -ഷോപത്റാമ മേഘ്വാൾ, അനൂപ്ഗഡ് -ശോഭാസിങ് ധില്ലൻ, ദുംഗർപൂർ -ഗൗതം തോമർ, താരാനഗർ -നിർമൽകുമാർ പ്രജാപത്, സർദാർഷഹർ -ഛഗൻലാൽ ചൗധരി, ജദൗൾ -പ്രേം പർഗി, ലഡ്നു -ഭഗീരഥ് യാദവ്, നവൻ -കാനാറാം ബിജാരനിയ, സാദുൽപൂർ -സുനിൽ പുനിയ എന്നിങ്ങനെയാണ് മറ്റു സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.