ന്യൂഡൽഹി: ഗവർണർമാരുടെ ഭരണഘടനവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ബി.ജെ.പി ഇതര സർക്കാറുകളും പാർട്ടികളും അണിനിരക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെ അട്ടിമറിക്കുകയെന്ന ബി.ജെ.പി ലക്ഷ്യത്തിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നു. തമിഴ്നാട് ഗവർണർ, ബി.ജെ.പിയുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് അനാവശ്യ വിവാദവും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതായി ഡി.എം.കെ സർക്കാറും ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് സർക്കാറുകൾക്കും ഗവർണർമാർ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സർവകലാശാല വൈസ് ചാൻസലർമാരുടെയും ധനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഭരണഘടനാനുസൃതമല്ല. സർവകലാശാലയുടെ ചാൻസലറാണ് ഗവർണറെങ്കിലും വൈസ് ചാൻസലർമാർക്കെതിരെ ഇത്തരം നടപടി സ്വീകരിക്കാൻ, നിയമസഭ പാസാക്കിയ സർവകലാശാല നിയമങ്ങൾപ്രകാരം ഗവർണർക്ക് അധികാരമില്ല. കേരളത്തിന്‍റെ മതനിരപേക്ഷ, ജനാധിപത്യ, ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ലക്ഷ്യം വെക്കുന്നതും ഹിന്ദുത്വ അജണ്ട പ്രോത്സാഹിപ്പിക്കുന്നതുമാണ് ഗവർണറുടെ നടപടികൾ.
ഡൽഹി ജെ.എൻ.യു, ഹൈദരാബാദ് തുടങ്ങി പല കേന്ദ്ര സർവകലാശാലകളും ഇതേ ലക്ഷ്യത്തോടെ ബി.ജെ.പി സർക്കാർ ഉന്നംവെച്ചു.തമിഴ്നാട് ഗവർണർ, പദവിയിലിരുന്ന് വിഷലിപ്ത ആശയങ്ങൾ പ്രകടിപ്പിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഗവർണർമാരുടെ വിഷയം സംസാരിച്ചിരുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറുടെ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന ഭിന്നതകൾ അവർ ചർച്ചചെയ്യട്ടെയെന്ന് ചോദ്യത്തിനു മറുപടിയായി യെച്ചൂരി പറഞ്ഞു.
ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവത്തെക്കുറിച്ച് ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണം. ഒരു രാജ്യം, ഒരേ പൊലീസ് യൂനിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഭരണഘടനാ തത്ത്വങ്ങൾക്കും ഫെഡറൽ ഘടനക്കും വിരുദ്ധമാണ്. സാമ്പത്തികമാന്ദ്യം മുറുകി തൊഴിലില്ലായ്മ വർധിക്കുകയും ജീവനോപാധികൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം മോദി സർക്കാർ കണ്ടില്ലെന്നു നടിക്കുന്നു. വിഭാഗീയത വർധിപ്പിക്കുന്നതിലാണ് മോദി സർക്കാറിന്റെ ശ്രദ്ധ.
ഹിമാചലിൽ 11 സീറ്റിൽ സി.പി.എം മത്സരിക്കുന്നു. ഒരു സീറ്റിൽ സി.പി.ഐക്കാണ് പിന്തുണ. ബാക്കി സീറ്റുകളിൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിയുന്ന സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.