അഞ്ച് വർഷം നീണ്ട പ്രണയം, കാമുകൻ കൊൽക്കത്ത സ്വദേശി; പാക് യുവതി അതിർത്തി കടന്ന് ഇന്ത്യയിൽ

അമൃത്സർ: ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിക്കാൻ പാകിസ്താൻ കറാച്ചി സ്വദേശിയായ യുവതി ഇന്ത്യയിലെത്തി. അഞ്ച് വർഷം നീണ്ട പ്രണയമായിരുന്നു സമീർ ഖാനും ജുവൈരിയ ഖാനവും തമ്മിലുള്ളത്. വരുന്ന ജനുവരിയിലെ ആദ്യ ആഴ്ചയിലാണ് ഇരുവരുടെയും വിവാഹം.

ജർമനിയിൽ നിന്ന് പഠനം പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയ സമീർ, അമ്മയുടെ ഫോണിൽ നിന്നും യാദൃശ്ചികമായാണ് ജുവൈരിയയുടെ ഫോട്ടോ കാണുന്നത്. തുടർന്ന് യുവതിയോട് പ്രണയം തുറന്നു പറയുകയും വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു.

ഇന്ത്യ സന്ദർശനത്തിന് 45 ദിവസത്തെ വിസയാണ് ജുവൈരിയക്ക് അനുവദിച്ചിട്ടുള്ളത്. ഇന്ത്യ-പാക് അതിർത്തിയായ വാഗ- അട്ടാരിബാഗ് വഴി ഇന്ത്യയിലെത്തിയ ജുവൈരിയയെ സമീറും കുടുംബവും ചേർന്ന് സ്വീകരിച്ചു. ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്നും തനിക്കിവിടെ വളരെയേറെ സ്നേഹം ലഭിക്കുന്നുവെന്നും ജുവൈരിയ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ വിസക്കുള്ള ശ്രമത്തിലായിരുന്നു യുവതി. എന്നാൽ, കോവിഡും വിസ അപേക്ഷ നിരസിച്ചതും തിരിച്ചടിയായി. സന്ദർശനം അനുവദിച്ച ഇന്ത്യ സർക്കാറിന് ജുവൈരിയയും സമീറും നന്ദി പറഞ്ഞു. വിവാഹത്തിന് ജർമ്മനി, യു.എസ്, ആഫ്രിക്ക, സ്പെയ്ൻ അടക്കമുള്ള സുഹൃത്തുക്കളും പങ്കെടുക്കും.


പബ്ജി കളിക്കിടെ പ്രണയത്തിലായ പാക് യുവതി സീമ ഹൈദർ നേപ്പാൾ വഴി കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയെ കാണാൻ വിസയില്ലാതെ ഇന്ത്യയിലെത്തിയത് വാർത്തയായിരുന്നു. കറാച്ചി സ്വദേശിനിയായ സീമ നാല് മക്കളുമായാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച സീമയെ പൊലീസ് അറസ്റ്റ് ചെയ്ത് നിയമവിരുദ്ധ കുടിയേറ്റക്കാരെ താമസിക്കുന്ന ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

അതിനിടെ, സൗദി അറേബ്യയിൽ ജോലി ചെയ്യവെയാണ് ഭാര്യ ഇന്ത്യയിലെത്തിയ വിവരം ഭർത്താവ് ​ഗുലാം ഹൈദർ അറിഞ്ഞത്. തുടർന്ന് ഭാര്യയെയും മക്കളെയും സുരക്ഷിതമായി പാകിസ്താനിലേക്ക് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദർ പ്രധാനമന്ത്രിക്ക് വീഡിയോ സന്ദേശം അയക്കുകയും ചെയ്തു. നിലവിൽ സീമയും കുട്ടികളും ഗ്രേറ്റര്‍ നോയിഡയിൽ താമസിക്കുന്നതായാണ് വിവരം. 

Tags:    
News Summary - Cross border love story: Pakistani woman arrives in India to marry Kolkata man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.