ലഖ്നോ: ബി.ജെ.പി വിട്ടുവന്ന വിമത നേതാക്കളെ സ്വീകരിക്കാൻ സമാജ് വാദി പാർട്ടി ഓഫിസിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ച് കൂടിയത് വൻ ജനക്കൂട്ടം. 2500 പേർക്കെതിരെ കേസെടുത്ത് യു.പി. പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണിത്.
മുൻ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ് സൈനി എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി വിട്ടുവന്ന എം.എൽ.എമാർ അടക്കമുള്ളവരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്ന ചടങ്ങിലാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്തത്. ഭൂരിപക്ഷം ആളുകളും മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിച്ചിരുന്നുമില്ല. ചടങ്ങിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് 2500 പേർക്കെതിരെ കേസെടുത്തത്.
കോവിഡിന്റെ ഒമിക്രോൺ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ യു.പിയിൽ ജനുവരി 15 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ റാലിയും റോഡ് ഷോകളും സമ്മേളനങ്ങളുമൊക്കെ നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാതെയാണ് സമാജ് വാദി പാർട്ടി പരിപാടി സംഘടിപ്പിച്ചതെന്ന് ലഖ്നോ ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
എന്നാൽ, പാർട്ടി ഓഫിസിനുള്ളിൽ വെർച്വൽ ഇവന്റ് ആയാണ് പരിപാടി നടത്തിയതെന്നും പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ലെന്നും സമാജ് വാദി പാർട്ടി നേതാവ് നരേഷ് ഉത്തം പട്ടേൽ പറയുന്നു. 'പ്രവർത്തകർ ക്ഷണിക്കാതെ തന്നെ തടിച്ചുകൂടിയതാണ്. ഇവിടെ ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കൽ വരെ ആൾക്കൂട്ടമുണ്ട്. അതൊന്നും പൊലീസ് കേസാക്കില്ല' -അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.