ഡെറാഡൂൺ (ഉത്തരാഖണ്ഡ്): മുസ്‍ലിംകൾ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന മദ്റസ തകർത്തതിനെത്തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കലാപ ബാധിത മേഖലകളിൽനിന്ന് കർഫ്യൂ പൂർണമായും പിൻവലിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കലാപം നടന്ന ഹൽദ്വാനിയിലെ ബൻഭൂൽപുര പ്രദേശത്ത് നിന്ന് കർഫ്യൂ പൂർണ്ണമായും പിൻവലിച്ചതായി അധികൃതർ അറിയിച്ചത്.
രാവിലെ അഞ്ചു മണി മുതൽ കർഫ്യൂ പിൻവലിച്ചതായി ഔദ്യോഗിക ഉത്തരവിൽ പറയുന്നു. നേരത്തേ, വിവിധ സമയങ്ങളിൽ കർഫ്യൂവിൽ ഇളവ് നൽകിയിരുന്നു. ഫെബ്രുവരി എട്ടിന് ബൻഭൂൽപുരയിലെ മദ്റസ തകർത്തതിന് പിന്നാലെയാണ് അക്രമം നടന്നത്. മുനിസിപ്പൽ കോർപറേഷൻ അധികൃതർ നഗരവികസനത്തിന്റെ പേരിൽ മദ്റസ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു.
അക്രമത്തിൽ ആറു പേർ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 68 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.