നോട്ട് പിന്‍വലിക്കല്‍: 27 മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ ലംഘിച്ച് പഴയ നോട്ടുകള്‍ മാറിനല്‍കിയ സംഭവത്തില്‍ പൊതുമേഖല ബാങ്കുകളിലെ 27 മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ആറ് ഉദ്യോഗസ്ഥരെ അപ്രധാന തസ്തികകളിലേക്ക് സ്ഥലം മാറ്റി.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബാങ്കുകളില്‍ കൃത്രിമം നടക്കുന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ബംഗളൂരുവില്‍നിന്ന് 5.7 കോടിയുടെ പുതിയ നോട്ടുകളുമായി രണ്ട് വ്യാപാരികള്‍ പിടിയിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് സസ്പെന്‍ഷനുമായി ബാങ്കുകള്‍ മുന്നോട്ടുപോയത്.

നോട്ടുകള്‍ അസാധുവാക്കിയ ശേഷം പഴയ നോട്ടുകള്‍ മാറിനല്‍കുന്നതിന് റിസര്‍വ് ബാങ്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പല ബാങ്കുകളിലും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. നോട്ട് അസാധുവാക്കിയ ശേഷം വിവിധയിടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 152 കോടി രൂപയാണ് പിടിച്ചെടുത്തത്.

 

Tags:    
News Summary - currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.