ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍െറ ‘കറുപ്പും വെളുപ്പും’ തുറന്നുകാട്ടി ലോക്സഭയില്‍ തെലുഗുദേശം പാര്‍ട്ടി എം.പിയുടെ പ്രതിഷേധം. ഡോ. ശിവപ്രസാദ് ചൊവ്വാഴ്ച സഭയിലത്തെിയപ്പോള്‍ ധരിച്ച ഷര്‍ട്ടിന്‍െറയും പാന്‍റ്സിന്‍െറയും പാതി കറുപ്പും പാതി വെള്ളയുമായിരുന്നു.
വേഷത്തിന്‍െറ കറുത്തവശം നോട്ട് നിരോധനം കൊണ്ട് ഒരു പരിക്കുമേല്‍ക്കാത്ത കള്ളപ്പണക്കാരെയും വെളുത്ത വശം നട്ടം തിരിഞ്ഞ കര്‍ഷകരെയും പാവപ്പെട്ടവരെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ശിവപ്രസാദ് പറയുന്നു.
തന്‍െറ മണ്ഡലത്തില്‍ മുഴുവന്‍ ചുറ്റിക്കറങ്ങിയെന്നും നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്കുണ്ടായ യഥാര്‍ഥ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലായത് കൊണ്ടാണ് ഇത്തരത്തിലൊരു പ്രതിഷേധമെന്നും അദ്ദേഹം തുടര്‍ന്നു. വേറിട്ട പ്രതിഷേധ വേഷത്തിന് മല്ലികാര്‍ജുന്‍ കാര്‍ഗെ, മുലായം സിങ്, സൗഗത റോയ് തുടങ്ങിയ മുതിര്‍ന്ന അംഗങ്ങളുടെ അഭിനന്ദനവും കിട്ടി.
എന്നാല്‍, നോട്ട് നിരോധനത്തെ അനുകൂലിക്കുന്ന തെലുഗുദേശം പാര്‍ട്ടിയിലെ മറ്റ് എം.പിമാര്‍ ശിവപ്രസാദിനെ തടഞ്ഞില്ല. എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ചശേഷമാണ് ശിവപ്രസാദ് സഭ വിട്ടത്. നിരവധി തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അറിയപ്പെടുന്ന നടന്‍ കൂടിയായ ഡോ. ശിവപ്രസാദ് നേരത്തേയും സമാനമായ പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. പാര്‍ലമെന്‍റിലെ അംബേദ്കര്‍ പ്രതിമയുടെ മുന്നില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ വേഷത്തിലും ഭാവത്തിലും പോസ് ചെയ്തും ശിവപ്രസാദ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.