പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തിന്റെ ഉടമസ്ഥതയിലുള്ള ‘മോജോ സ്റ്റോറി’ യു ട്യൂബ് ചാനലിനെതിരെ സൈബര്‍ ആക്രമണം. അക്കൗണ്ട് ഹാക്ക് ചെയ്ത് മുഴുവന്‍ വിഡിയോയും ഡിലീറ്റ് ചെയ്തതായി ബർഖ ദത്ത് ട്വിറ്ററിലൂടെ അറിയിച്ചു. പ്രൊഫൈൽ ഫോട്ടോയും ചാനലിന്റെ പേരുമടക്കം മാറ്റിയ നിലയിലാണ്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമാണ കമ്പനിയായ ടെസ്‍ലയുടെ പേരും ലോഗോയുമാണ് ഇപ്പോൾ കാണിക്കുന്നത്.
ഹാക്കര്‍മാര്‍ യു ട്യൂബ് ചാനലിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ചാനല്‍ മരവിപ്പിക്കാൻ യു ട്യൂബിനോട് പലതവണ അഭ്യർഥിച്ചെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നും ഇപ്പോള്‍ മുഴുവന്‍ വിഡിയോയും നഷ്ടപ്പെട്ടെന്നും സ്ഥാപകയും എഡിറ്ററുമായ ബർഖ ദത്ത് ട്വീറ്റില്‍ പറയുന്നു.
കോവിഡ് കാലത്തെ മൂന്ന് വർഷത്തെ വിഡിയോ റിപ്പോർട്ടുകൾ ഉൾപ്പെടെ നാല് വർഷത്തെ 11,000 വിഡിയോകൾ ചാനലില്‍ ഉണ്ടായിരുന്നു. "നാല് വർഷത്തെ രക്തവും അധ്വാനവും വിയർപ്പും കണ്ണീരുമെല്ലാം പോയി. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്’, യു ട്യൂബ് സി.ഇ.ഒ നീൽ മോഹനെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ ബർഖ ദത്ത് കുറിച്ചു. ആരോ എന്റെ ഹൃദയത്തിലൂടെ കത്തി കുത്തിയിറക്കിയതായി എനിക്ക് തോന്നുന്നെന്നും എനിക്ക് പറയാൻ കഴിയുന്നത് ഇത്രമാത്രമാണെന്നും അവർ പ്രതികരിച്ചു. 2021ൽ കൊറോണ കാലത്തെ റിപ്പോർട്ടിങ്ങിന്റെ പേരിൽ സൗത് ഏഷ്യൻ ഡിജിറ്റൽ മീഡിയ അവാർഡ് മോജോ സ്റ്റോറിക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.