'ടൗട്ടെ' ഇന്ന് ഗുജറാത്ത് തീരത്ത് പതിക്കും, കരയിലെത്തുമ്പോൾ വേഗം മണിക്കൂറിൽ 185 കി.മീ വരെ; കനത്ത ജാഗ്രത

മുംബൈ: മഹാരാഷ്ട്രയുടെ തീരമേഖലയിൽ നാശം വിതച്ച് 'ടൗട്ടെ' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്. ചുഴലിക്കാറ്റിന്‍റെ തീരപതനം ഇന്ന് രാത്രിയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ദുരന്തസാഹചര്യത്തിൽ ഇടപെടാൻ കര-നാവിക സേനകൾ ഉൾപ്പെടെ തയാറെടുത്തു. ഗുജറാത്ത് തീരത്തുനിന്ന് ലക്ഷത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ചു. 

'ടൗട്ടെ' ഇന്ന് രാത്രി എട്ടിനും 11നും ഇടയിൽ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വരെയാകും വേഗത.

കരസേനയുടെ 180 പേരടങ്ങിയ സംഘം തീരപതന മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയവരും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജരായിരിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ രണ്ട് ടീം ദാമൻ ദിയു മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്.

മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെത്തുടർന്ന് പ്രവർത്തനം നിർത്തിയ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം രാത്രി 10 വരെയും അടച്ചിട്ടിരിക്കുകയാണ്. മഹാരാഷ്ട്ര‍യിൽ ആറ് പേർ മഴക്കെടുതിയിൽ മരിച്ചു. അഹമ്മദാബാദ് വിമാനത്താവളം നാളെ പുലർച്ചെ അഞ്ച് വരെ അടച്ചു. 

ഗുജറാത്ത്, ഗോവ മുഖ്യമമന്ത്രിമാരുമായും ദാമൻ ദിയു ലെഫ്. ഗവർണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ട് സാഹചര്യങ്ങൾ അവലോകനം ചെയ്തു. ഗുജറാത്തിൽ 21 തുറമുഖങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 

Full View

Tags:    
News Summary - Cyclone Tauktae: Army, Navy on standby as cyclonic storm nears Gujarat coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.