മുംബൈ: സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പുറത്താക്കിയതായി ടാറ്റ ഗ്ളോബല്‍ ബിവറേജസ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. തേയിലയും കാപ്പിയും നിര്‍മിക്കുന്ന കമ്പനിയുടെ പുതിയ ചെയര്‍മാനായി ഹരീഷ് ഭട്ടിനെ നിയമിച്ചു. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായാണ് ഹരീഷ് ഭട്ട് അറിയപ്പെടുന്നത്.
എന്നാല്‍, തന്നെ പുറത്താക്കിയ നടപടി അന്യായമാണെന്ന് മിസ്ട്രി പ്രതികരിച്ചു.
ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍െറ മാറ്റം അജണ്ടയിലുണ്ടായിരുന്നില്ല. മിസ്ട്രിയായിരുന്നു ചെയര്‍മാന്‍ എന്ന നിലയില്‍ അധ്യക്ഷത വഹിച്ചിരുന്നത്. ചെയര്‍മാനെ മാറ്റണമെന്ന നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍, അത് അനുവദിച്ചില്ല. രണ്ടാം അര്‍ധപാദ നേട്ടം വിലയിരുത്താന്‍ ചേര്‍ന്ന യോഗം പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍, യോഗത്തിന് പിന്നാലെ തന്നെ പുറത്താക്കിയതായി കാണിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിന് കത്തെഴുതുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും മിസ്ട്രി പറഞ്ഞു.
ടാറ്റ ഗ്രൂപ്പില്‍ ആഴ്ചകള്‍ക്കുമുമ്പ് ഉടലെടുത്ത അസ്വാരസ്യം, പുതിയ നീക്കത്തിലൂടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് തലപ്പത്തുനിന്ന് മിസ്ട്രിയെ ഒഴിവാക്കിയിരുന്നു. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളുടെ ചെയര്‍മാന്‍സ്ഥാനത്തുനിന്നും മിസ്ട്രിയെ പുറത്താക്കാന്‍ അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ രത്തന്‍ ടാറ്റ ബന്ധപ്പെട്ട ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.