മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കൾ ജനുവരി അഞ്ചിന് ലേലം ചെയ്യും. ദാവൂദിന്‍റെ മാതാവ് ആമിന ബിയുടെ ഉടമസ്ഥതയിലുള്ള നാല് വസ്തുക്കളാണ് സ്മഗളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് (സ്വത്ത് കണ്ടുകെട്ടൽ) അതോറിറ്റി (SAFEMA) ആണ് ലേലം ചെയ്യുക. നിരവധി പേർ ലേലത്തിൽ പങ്കെടുക്കാനായി രംഗത്തുവന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദാവൂദ് ഇബ്രാഹിമിന്‍റെ പൂർവിക ഗ്രാമമായ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ മുംബ്‌കെ ഗ്രാമത്തിലെ മാമ്പഴത്തോട്ടം അടക്കമുള്ള കൃഷി സ്ഥലങ്ങളാണ് ലേലം ചെയ്യുന്ന സ്വത്തുക്കൾ. നാല് വസ്‌തുക്കളുടെയും വില 19.2 ലക്ഷം രൂപയായും ഏറ്റവും ചെറിയ സ്ഥലത്തിന്‍റെ കരുതൽ വിലയായ 15,440 രൂപയിലും നിശ്ചയിച്ചിട്ടുണ്ട്.
2017 മുതൽ 2023 വരെ ദാവൂദിന്‍റെ 17 വസ്തുക്കൾ കേന്ദ്ര സർക്കാർ ലേലം ചെയ്തിരുന്നു. ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്‍റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകൾ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ലേലം ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പും ദാവൂദിന്റെ വസ്തുക്കൾ ലേലം ചെയ്തിട്ടുണ്ട്. ഡിസംബറിൽ 1.10 കോടി മൂല്യം വരുന്ന രത്നഗിരിയിലെ ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്തു.
1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർട്ട് വന്നിരുന്നു. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു വാർത്ത.
ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നത്. ഇക്കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാൽ, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധുവാണ് വെളിപ്പെടുത്തിയത്. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.
പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവർക്ക് 20 ലക്ഷവും ദാവൂദിന്‍റെ സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗർ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.