മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്ബാൽ ഇബ്രാഹിം കസ്കറിനെ ലഹരിമരുന്നു കടത്തുകേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. ജമ്മു-കശ്മീരിൽനിന്നു 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ പറഞ്ഞു.
2003ൽ യു.എ.ഇയിൽനിന്നു നാടുകടത്തപ്പെട്ട ഇക്ബാലാണ് മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ ഭൂമിയിടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. 2017ൽ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ താനെ പൊലീസ് ഇക്ബാലിനെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ ഗോരൈ പ്രദേശത്ത് 38 ഏക്കർ ഭൂമിയിടപാടിൽ ഇക്ബാൽ തന്നെ ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ലഹിവസ്തു ഇടപാടുകാരനായ ഹാരിസ് ഖാനെ ഈ മാസമാദ്യം എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ദാവൂദിന്‍റെ അനുയായിയായ ചിങ്കു പഠാൻ എന്ന പർവേസ് ഖാനുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു അറസ്റ്റ്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ ഹാരിസ് ഖാന്‍റെ പങ്കിനെക്കുറിച്ചു എൻ.സി.ബി അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.