മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്്. ദാവൂദിന്‍റെ മൂത്ത സഹോദരൻ സാബിർ കസ്ക്കറിന്റെ മകൻ സിറാജ് കസ്ക്കർ(38) ആണ് മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ആണ് ഇക്കാര്യമറിയിച്ചത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ സിറാജ് കസ്ക്കറിന് ശ്വാസതടസം നേരിട്ടതായും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്നുമാണ് വിവരം.
ബുധനാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ശരീരത്തിൽ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണപ്പെടുകയുമായിരുന്നു.
കറാച്ചിയിലെ ക്ലിഫ്റ്റൺ മേഖലയിലാണ് സിറാജ് താമസിച്ചിരുന്നത്. ഇതിനടുത്താണ് ദാവൂദ് ഇബ്രാഹിമിന്‍റെയും താമസസ്ഥലം. കറാച്ചിയിൽ നിന്ന് സിറാജിന്‍റെ മുംബൈയിലുള്ള ബന്ധുക്കൾക്ക് കൈമാറിയ മരണ വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
സിറാജ് കസ്ക്കറിന്റെ പിതാവ് സാബിർ കസ്ക്കർ ആയിരുന്നു ആദ്യകാലങ്ങളിൽ ഭീകര സംഘത്തെ നയിച്ചിരുന്നത്. എന്നാൽ പിന്നീട് വെടിവെപ്പിൽ കൊല്ലപ്പെട്ടു. തുടർന്ന് മുംബൈ അധോലോകത്തിന്‍റെ അപ്രമാദിത്തം കൈക്കലാക്കാൻ നടത്തിയ രക്തച്ചൊരിച്ചിലിനൊടുവിലാണ് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകത്തിന്‍റെ ഡോൺ ആയി ഉയർന്നു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.