മുംബൈ: ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള തർക്കങ്ങൾക്ക് കുറവില്ല. ശക്തമായ വാദ പ്രതിവാദങ്ങളാണ് ഇരുഭാഗത്തുനിന്നും നിരന്തരം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പിയെ രൂക്ഷമായി ആക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി.
ഗുണ്ടാത്തലവന്‍ ദാവൂദ് ഇബ്രാഹിം പോലും ബി.ജെ.പിയിൽ ചേർന്നാൽ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന മെഗാ റാലിയിലാണ് ഉദ്ധവ് താക്കറെ ബി.ജെ.പിയെ കടന്നാക്രമിച്ചത്.
'അവർ ഇപ്പോൾ ദാവൂദിന്റെയും സഹായികളുടെയും പിന്നിലാണ്. എന്നാൽ ദാവൂദ് ബി.ജെ.പിയിൽ ചേർന്നാൽ ഒറ്റ രാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്' -ഉദ്ധവ് താക്കറെ പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾ ഒളിവിൽ കഴിഞ്ഞിരുന്ന 20 ഓളം സ്ഥലങ്ങളിൽ ഈ ആഴ്ച ആദ്യം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡുകൾ നടത്തിയിരുന്നു.
രാജ്യത്തെ വിലക്കയറ്റത്തിന്റെ പേരിലും കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനമാണ് താക്കറെ ഉന്നയിച്ചത്. 'മോദി ജി റേഷൻ നൽകിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ അരി പച്ചക്ക് കഴിക്കണോ? സിലിണ്ടർ നിരക്ക് കുതിച്ചുയരുമ്പോൾ എങ്ങനെ പാചകം ചെയ്യും? വിലക്കയറ്റത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, ശ്രീലങ്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, അവിടെ നിന്ന് പാഠം പഠിക്കൂ' എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാർട്ടിയുണ്ടെന്നും താക്കറെ പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വ യോഗ്യതയെ ചോദ്യം ചെയ്താണ് ഉദ്ധവ് പ്രത്യാക്രമണം നടത്തിയത്.
"രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാർട്ടിയുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവരുടെ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഞങ്ങൾ നിങ്ങളെ പുറത്താക്കി. അവർ ഹിന്ദുത്വത്തിന്റെ സംരക്ഷകരാണെന്ന് അവർ കരുതുന്നു. ഇവിടെയുള്ള ജനങ്ങളുടെ കാര്യമോ? അവർ ആരാണ്? " -താക്കറെ പറഞ്ഞു.
ബാൽ താക്കറെയുടെ ആദർശങ്ങളിൽ നിന്ന് സേന അകന്നുവെന്ന് ചിത്രീകരിക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, പാർട്ടി അതിന്റെ സ്ഥാപകൻ ബാൽ താക്കറെയുടെ കാൽപ്പാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം തിരിച്ചടിച്ചു.
"നിങ്ങളുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം സൃഷ്ടിച്ചത് എന്റെ മുത്തച്ഛനും എന്റെ അച്ഛനും സഹോദരൻ ശ്രീകാന്തും ചേർന്നാണ്. എന്നാൽ ആരാണ് അത് ഉപേക്ഷിച്ചതെന്ന് നിങ്ങൾക്കറിയാം. ഭാരതീയ ജനസംഘം' -മുഖ്യമന്ത്രി പറഞ്ഞു.
"ഞങ്ങളുടെ സംയമനം ബലഹീനതയായി കണക്കാക്കരുത്. ബി.ജെ.പി മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്തുകയാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് കൊല്ലപ്പെട്ടത് ഒരു സർക്കാർ ഓഫീസിലാണ്. തീവ്രവാദികൾ വന്ന് അവനെ കൊന്നു. നിങ്ങൾ അവിടെ ഹനുമാൻ ചാലിസ വായിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.