ഹൈദരബാദ്: തെലങ്കാനയിലെ വാറങ്ങലിൽ 33 ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വാറങ്കൽ ജില്ലയിലെ വാർധന്നപേട്ടയിലുള്ള ട്രൈബൽ ഗേൾസ് അശാം ഹൈസ്കൂളിലെ ഹോസ്റ്റലിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. രാത്രി ഭക്ഷണത്തിന് ശേഷം വിദ്യാർഥികൾക്ക് ചർദ്ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷ്യവിഷ ബാധയേറ്റ 13വിദ്യാർഥികൾക്ക് ഗുരുതര രോഗലക്ഷണങ്ങളുണ്ട്. രാത്രിയിലെ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടതായും അതിനുശേഷം ഭക്ഷണം കഴിക്കുന്നത് നിർത്തുകയായിരുന്നെന്നും വിദ്യാർഥി പറഞ്ഞു. തുടർന്ന് കാന്‍റീന്‍റെ ചുമതലയുള്ളവരോട് പരാതിപ്പെട്ടെങ്കിലും അത് പച്ചമുളക് ആണെന്ന് പറഞ്ഞ് നിസ്സാരവത്കരിച്ചെന്ന് വിദ്യാർഥി പറയുന്നു.
ഭക്ഷണം കഴിച്ച് കുറച്ച് സമയത്തിനുള്ളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചർദ്ദിയും വയറിളക്കവും കാരണം അവശനിലയിലായ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെയും സംസ്ഥാനത്തെ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, റസിഡൻഷ്യൽ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.