ന്യൂഡൽഹി: മാവേലിക്കര സ്പെഷൽ സബ്ജയിലിൽ രണ്ടു വർഷം മുമ്പ് വിചാരണ തടവുകാരൻ മരണപ്പെട്ട സംഭവത്തിൽ ദൂരൂഹതയില്ലെന്ന സംസ്ഥാന സർക്കാറിെൻറ വാദം ദേശീയ മനുഷ്യാവകാശ കമീഷൻ തള്ളി. മരിച്ച കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബിെൻറ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമീഷൻ നിർദേശിച്ചു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും കമീഷൻ ഉത്തരവിട്ടു.
2019 മാർച്ച് 21നാണ് ജേക്കബ് സബ്ജയിലിൽ മരിച്ചത്. ജയിലിൽ കൊണ്ടുവന്നതിന് പിറ്റേന്നുണ്ടായ മരണം തൊണ്ടയിൽ തൂവാല തിരുകിയുള്ള ആത്മഹത്യയാണെന്ന വാദമാണ് സംസ്ഥാന സർക്കാർ കമീഷനിൽ നടത്തിയത്. 68കാരനായ ജേക്കബിനെ ഒരു ഫിനാൻസ് കമ്പനിയുടെ പരാതി പ്രകാരമാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സഹതടവുകാർ ചേർന്ന് ജേക്കബിനെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. ജുഡീഷ്യൽ അന്വേഷണം നരഹത്യയെന്ന് ചൂണ്ടിക്കാട്ടുന്നതാണെന്ന് കമീഷൻ വിലയിരുത്തി.
കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകണമെന്നും വിശദാന്വേഷണം വേണമെന്നും മനുഷ്യാവകാശ കമീഷൻ നേരത്തെ നിർദേശിച്ചതാണ്. എന്നാൽ, ജയിലധികൃതർക്ക് മരണത്തിൽ പങ്കില്ലെന്ന് വാദിച്ച് കമീഷെൻറ രണ്ടു നിർദേശങ്ങളും പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇതു തള്ളിയാണ് കമീഷെൻറ ഇപ്പോഴത്തെ ഉത്തരവ്. ഇതിെൻറ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.