എയർഹോസ്റ്റസി​െൻറ മരണം: കാസർകോട് സ്വദേശിക്കെതിരെ കേസ്

മംഗളൂരു: എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന യുവതി ബംഗളൂരുവിൽ അപാർട്മെന്റി​െൻറ നാലാം നിലയിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് സ്വദേശിയായ കാമുകൻ ആദേശി (26) നെതിരെ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന ധിമാൻ (28) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചനയെ വീണ നിലയിൽ കണ്ടെത്തിയത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണതായി അറിയിച്ചത്. അർച്ചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബംഗളൂരിനും ദുബൈക്കുമിടയിൽ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലി ചെയ്തിരുന്ന അർച്ചന നാല് ദിവസം മുമ്പാണ് ആദേശിനെ കാണാൻ ബംഗളൂറിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

കാസർകോട് ജില്ലയിൽ നിന്നുള്ള ആദേശ് ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടത്. ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന് അന്വേഷിക്കുകയാണ്. സംഭവസമയത്ത് ഇവർ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം അർച്ചനയെ ആദേശ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. കൊല്ലുക എന്ന ഉദ്ദേശത്തോടെ ആദേശ് നാലാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ, അർച്ചന സിറ്റ് ഔടിൽ നടക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

അർച്ചനയുടെ മാതാവ് ഞായറാഴ്ചയാണ് ബംഗളൂറിൽ എത്തി പൊലീസിൽ പരാതി നൽകിയത്. ആദേശുമായുള്ള ബന്ധത്തെക്കുറിച്ചും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നും അർച്ചനയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ നടപടികൾക്കായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Tags:    
News Summary - Death of Air Hostess: Case against native of Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.