താണെ: അപകീർത്തികരമായ പ്രസംഗമെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്കെതിരെ ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ വാദം കേൾക്കുന്നത് മാർച്ച് 16ലേക്ക് മാറ്റി.
ഭാരത് ജോഡോ ന്യായ് യാത്രയുടെ തിരക്കിലായതിനാൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.
ഭീവണ്ടി കോടതി മജിസ്ട്രേറ്റ് എൽ.സി വാദികർ രാഹുലിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നാരായൺ അയ്യർ പറഞ്ഞു. ബോംബെ ഹൈകോടതിയിൽ ഇതേവിഷയത്തിൽ ക്രിമിനൽ റിട്ട് ഹരജിയുള്ളതും കേസ് മാറ്റിവെക്കാനുള്ള കാരണമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
2014 മാർച്ച് ആറിന് ഭീവണ്ടിക്ക് സമീപം തെരഞ്ഞെടുപ്പ് റാലിയിൽ ‘ആർ.എസ്.എസുകാർ മഹാത്മ ഗാന്ധിയെ കൊന്നു’ എന്ന പ്രസ്താവനക്കെതിരെ രാജേഷ് കുണ്ടെയെന്ന ആളാണ് ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
രാജ്യത്തുടനീളം നിരവധി മാനനഷ്ടക്കേസുകളാണ് രാഹുൽ ഗാന്ധി നേരിടുന്നത്.
മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി കഴിഞ്ഞ വർഷം രണ്ടു വർഷം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.