അലഹബാദ്: യു.പി തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിച്ച് അലഹബാദ് ഹൈകോടതി. തെരഞ്ഞെടുപ്പ് ഒന്ന് അല്ലെങ്കിൽ രണ്ട് മാസത്തേക്കോ മാറ്റിവെക്കണമെന്നാണ് ആവശ്യം. റാലികൾ നിരോധിക്കാൻ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടു. ഒമിക്രോൺ വേരിയന്‍റിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം കോടതി ഉയർത്തിയത്. ഇതുമായി ബന്ധമില്ലാത്ത ജാമ്യഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം.
കോടതിയിൽ ദിവസവും നിരവധി കേസുകൾ പരിഗണിക്കുന്നതിനാൽ നൂറുക്കണക്കിനാളുകൾ തടിച്ചു കൂടുന്നുണ്ട്. ഇതുമൂലം പലപ്പോഴും സാമൂഹിക അകലം പാലിക്കാനും സാധിക്കാറില്ല. കോവിഡിന്‍റെ ഒമിക്രോൺ വകഭേദം രാജ്യത്ത് വർധിക്കുകയാണ്. മൂന്നാം തരംഗത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതിയ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന വിദഗ്ധരുടെ നിർദേശങ്ങളും കോടതി ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാളിൽ നടന്ന ഗ്രാമ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളും സമ്മേളനങ്ങളും നടക്കുന്നുണ്ട്. ഇത് കോവിഡ് കേസുകൾ ഉയരാൻ ഇടയാക്കും. രാഷ്ട്രീയപാർട്ടികളോട് പത്രങ്ങളിലൂടേയും ദൂരദർശനിലൂടേയും കാമ്പയിൻ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.