ശ്രീനഗർ: ബാരമുള്ള എം.പി ഷെയ്ഖ് റാഷിദിന് ഡൽഹി കോടതിയുടെ ഇടക്കാല ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഒക്ടോബർ രണ്ട് വരെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭീകരപ്രവർത്തനത്തിന് പണം നൽകിയെന്നാണ് കേസ്.
ഷെയ്ഖ് റാഷിദ് എന്നറിയപ്പെടുന്ന എൻജീനിയർ റാഷിദ് 2019 മുതൽ തീഹാർ ജയിലിലാണ്. എൻ.ഐ.എയാണ് റാഷിദിനെ യു.എ.പി.എ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.കശ്മീരി വ്യവസായി സാഹൂർ വാട്ടാലിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഭീകരപ്രവർത്തനത്തിൽ റാഷിദും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായതെന്നാണ് എൻ.ഐ.എയുടെ അവകാശവാദം.
ഇതുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ എൻ.ഐ.എ കേസെടുത്തിട്ടുണ്ട്. കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്, ലശ്കർ ഇ-ത്വയിബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദീൻ മേധാവി സയിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ മാലിക് കുറ്റക്കാരനെന്ന് കണ്ട് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ലയെയാണ് ബാരാമുള്ള മണ്ഡലത്തിൽ നിന്നും റാഷിദ് തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.