ന്യൂഡൽഹി: സുനന്ദ പുഷ്‌കർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് ശശി തരൂർ കുറ്റവിമുക്തനാകുമോ അതോ വിചാരണ നേരിടണമോയെന്ന് ഡൽഹി റോസ്അവന്യൂ കോടതി ഇന്ന് വിധി പറയും. തരൂരിനെതിരെ ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ഡൽഹി പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി കൂടിയായ തരൂർ ഇപ്പോൾ ജാമ്യത്തിലാണുള്ളത്.
2014 ജനുവരി 17 ന് രാത്രി ഡൽഹിയിലെ ആഡംബര ഹോട്ടലിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്നാണ് പൊലീസ് ആരോപിച്ചത്്. എന്നാൽ, ഇതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കും. എന്നാൽ, മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് കേസ് പരിഗണിക്കുന്നത്.
സുനന്ദ പുഷ്കറിന്‍റെത് ആകസ്മിക മരണമല്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയുടെ ആരോപണം. മരണകാരണം വിഷം ഉള്ളിൽചെന്നതാണെന്നും ഇത് സ്വയംകഴിച്ചതോ കുത്തിവച്ചതോ ആകാമെന്നും പ്രോസിക്യൂട്ടർ പറയുന്നു. സുനന്ദ മാനസിക പീഡനത്തിന് ഇരയായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമ്മർദ്ദവും വിശ്വാസവഞ്ചനയും മൂലമാണ് അവർക്ക് പ്രശ്നങ്ങൾ തുടങ്ങിയതെന്നും പ്രോസിക്യൂട്ടർ കോടതി മുമ്പാകെ പറഞ്ഞു.
എന്നാൽ, ഈ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു. വിഷം കുത്തിവെച്ചു എന്ന ആരോപണം കള്ളമാണ്. തെളിവുകൾ കൊണ്ടുവരാൻ പ്രോസിക്യൂട്ടർമാർക്ക് കഴിഞ്ഞിട്ടില്ല. എയിംസിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സ്വാഭാവിക മരണമാണെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന സുനന്ദയുടെ മകന്‍റെ പ്രസ്താവനയും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.