വിരമിക്കൽ സൂചന നൽകി ശരദ് പവാർ; എവി​ടെയെങ്കിലും വെച്ച് നിർത്തേണ്ടിവരുമെന്ന്

മുംബൈ: 18 മാസത്തിനകം ത​ന്‍റെ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ അതികായൻമാരിലൊരാളായ ശരദ് പവാറിനിപ്പോൾ 83 വയസ്സാണ്. 1999ൽ ആണ് അദ്ദേഹം എൻ.സി.പി സ്ഥാപിച്ചത്. നവംബർ 20ന് നടക്കുന്ന മഹരാഷ്ട്ര തെരഞ്ഞെടുപ്പിലെ ‘പവാർ വേഴ്സസ് പവാർ’ മത്സരത്തിന് തയാറെടുക്കുന്ന എൻ.സി.പി നേതാവ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ത​ന്‍റെ കുടുംബ കോട്ടയായ ബാരാമതിയിൽ സംസാരിക്കവെയാണ് വിരമിക്കൽ സൂചന നൽകിയത്.

‘ഞാൻ ഇനി അധികാരത്തിനില്ല... രാജ്യസഭയിലെ എ​ന്‍റെ കാലാവധിക്ക് ഒന്നര വർഷമാണ് ബാക്കിയുള്ളത്. ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. എനിക്ക് എവിടെയെങ്കിലും വെച്ച് നിർത്തേണ്ടി വരും..’ തന്നെ 14 തവണ എം.പിയും എം.എൽ.എയും ആക്കിയതിന് ബാരാമതിയിലെ വോട്ടർമാർക്ക് നന്ദിയർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എൻ.സി.പിയും അതി​ന്‍റെ സഖ്യകക്ഷികളായ കോൺഗ്രസും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഗ്രൂപ്പും ഈ മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ ഏതാണ്ട് ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തി​ന് പരിസമാപ്തിയാവുമെന്ന് ഇതോടെ ഉറപ്പായി. അത്തരമൊരു സന്ദർഭത്തിൽ, ബാരാമതിക്ക് വേണ്ടിയുള്ള പോരാട്ടം ശരദ് പവാറി​ന് വോട്ടർമാരിലുള്ള സ്വാധീനത്തെക്കുറിച്ചുള്ള ഒരു ജനഹിത പരിശോധനയായി കണക്കാക്കപ്പെടും.

എൻ.സി.പിയുടെ വിഭജനത്തിനുശേഷം അദ്ദേഹത്തി​ന്‍റെ അനന്തരവൻ അജിത് പവാറിനെതിരെ പോരാടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. അജിത് പവാർ ബാരാമതിയിൽനിന്ന് അഞ്ചു തവണ എം.എൽ.എയായിട്ടുണ്ട്. നേരത്തെ നേടിയ ഓരോ വിജയങ്ങളിലും അദ്ദേഹത്തിന് അമ്മാവ​ന്‍റെ പാർട്ടിയുടെ പിന്തുണയുണ്ടായിരുന്നു. സ്വന്തം ബാനറിൽ മത്സരിക്കുന്ന അജിത്തി​ന്‍റെ ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പാണിത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശരദ് പവാറി​ന്‍റെ അവസാന ഇന്നിങ്സിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. അമ്മാവ​ന്‍റെ പാർട്ടിക്കെതിരെ പോരാടുകയും വിമതരെ സഖ്യത്തിലേക്ക് നയിക്കുകയും ചെയ്‌ത അനന്തരവൻ അജിത് പവാർ ജനുവരിയിൽ വീണ്ടും ഇതുയർത്തി. ഉന്നത പദവിയിൽനിന്ന് ഒഴിയാനുള്ള പാർട്ടിയുടെ 2023ലെ പ്രമേയത്തിൽമേൽ വിരമിക്കാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു അത്. ‘ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ നിർത്തണം. 80 വയസ്സ് പിന്നിട്ടിട്ടും ഈ വ്യക്തി വിരമിക്കാൻ തയ്യാറല്ല’ എന്നായിരുന്നു ശരത് പവാറിനെ ലക്ഷ്യമിട്ട് അജിത്തി​ന്‍റെ ആക്രമണം. എന്നാൽ, താൻ ക്ഷീണിതനല്ല, വിരമിക്കുകയുമില്ല എന്നായിരുന്നു അനന്തരവനുള്ള പവാറി​ന്‍റെ മറുപടി.

കഴിഞ്ഞ വർഷം മേയിൽ എൻ.സി.പി ആഭ്യന്തര പ്രതിസന്ധിയിലക​പ്പെട്ടപ്പോൾ ശരദ് പവാർ പാർട്ടി മേധാവി സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം ഉന്നത നേതാക്കൾ ഏകകണ്ഠമായി തള്ളി. ശരദ് പവാർ തുടരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും ലക്ഷക്കണക്കിന് ആളുകളുടെ വികാരത്തെ അദ്ദേഹം മാനിക്കണമെന്നുമുള്ള ആവശ്യത്തെ തുടർന്ന് ദിവസങ്ങൾക്കകം പവാർ രാജി പിൻവലിക്കുകയുണ്ടായി.

Tags:    
News Summary - "Will Have To Stop Somewhere": Sharad Pawar's Big Retirement Hint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.