ജയിലിൽ ഭക്ഷണവും മെഡിക്കൽ ചെക്കപ്പും; സത്യേന്ദർ ജെയ്‌നിന്റെ ഹരജിയിൽ തിഹാർ അധികൃതർക്ക് നോട്ടീസ്

ന്യൂഡൽഹി: ജയിലിൽ തനിക്ക് മതാചാര പ്രകാരമുള്ള ഭക്ഷണം അനുവദിക്കണമെന്നും ആരോഗ്യ പരിശോധനകൾ ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദർ ജെയ്‌നിന്റെ ഹരജിയിൽ തിഹാർ ജയിൽ അധികൃതർക്ക് നോട്ടീസ്. ഡൽഹി പ്രത്യേക കോടതിയാണ് സത്യേന്ദർ ജെയ്‌നിന്റെ ആരോഗ്യസ്ഥിതി, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടിയത്. തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.

മതാചാരപ്രകാരമുള്ള ഭക്ഷണമായ പഴങ്ങൾ, പച്ചക്കറികൾ, ഈന്തപ്പഴം തുടങ്ങിയവ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് സത്യേന്ദർ ഹരജിയിൽ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി മതപരമായ ഉപവാസത്തിലായതിനാൽ ഇത്തരം ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് തുടരേണ്ടത് തന്റെ ആരോഗ്യത്തിന് അത്യാവശ്യമാണെന്നും അല്ലാത്തപക്ഷം അപകടസാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഭക്ഷണം നിഷേധിച്ചതിനെ തുടർന്ന് സത്യേന്ദറിന് ഒരാഴ്ചക്കിടെ ശരീരഭാരം രണ്ട് കിലോ കുറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ഭാരം 28 കിലോഗ്രാം കുറഞ്ഞത് ഗുരുതരമായ ആരോഗ്യസ്ഥിതിയെയാണ് വ്യക്തമാക്കുന്നത്. ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. മതപരമായ ഉപവാസ സമയത്തെ ഭക്ഷണങ്ങൾ നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവും ഉപദ്രവിക്കുന്നതിന് തുല്യവുമാണ് -ഹരജിയിൽ വിവരിക്കുന്നു.

ഒക്ടോബർ 21ന് നടത്തേണ്ടിയിരുന്ന എം.ആർ.ഐ ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകൾ നടത്താൻ ജ‍യിൽ അധികൃതർ അനുവദിക്കുന്നില്ലെന്നും ഓരോ ഒഴിവുകൾ പറഞ്ഞ് വൈകിപ്പിക്കുകയാണെന്നും ഹരജിയിൽ പറഞ്ഞു.

തിഹാർ ജയിലിൽ നിന്ന് സത്യേന്ദർ ജെയ്‌നിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്ന് ആരോപിച്ചുള്ള അദ്ദേഹത്തിന്‍റെ നിയമോപദേശ സംഘം സമർപ്പിച്ച ഹരജിയിലും പ്രത്യേക കോടതി വിശദമായ വാദം കേട്ടു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മെയ് 30നാണ് സത്യേന്ദ്ര ജെയ്ൻ അറസ്റ്റിലാകുന്നത്.

Tags:    
News Summary - Delhi Court notice to Tihar Jail Authorities on Satyendar Jain's plea for food as per religious beliefs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.