ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. ജാമ്യം നൽകിയ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം കോടതി തള്ളി. അറസ്റ്റിലായി നാളെ മൂന്നുമാസം തികയാനിരിക്കെയാണ് ജാമ്യം അനുവദിക്കുന്നത്.
കേസിൽ പ്രതിപ്പട്ടികയിലുള്ള ചൻപ്രീത് സിങ് വ്യവസായികളിൽനിന്ന് വലിയ തുകകൾ കൈപ്പറ്റിയെന്നും കെജ്രിവാളിന്റെ ഹോട്ടൽ ബില്ലുകളടക്കം ഇയാൾ അടച്ചിരുന്നുവെന്നുമായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ വാദം. അന്വേഷണ സംഘത്തിന് തന്റെ ഫോണിന്റെ പാസ്വേഡ് നൽകുവാൻ കെജ്രിവാൾ തയാറാവുന്നില്ല. ജാമ്യം നിഷേധിക്കാൻ ഇത് മതിയായ കാരണമാണ്. കേസിൽ കുറ്റാരോപിതനായ വിജയ് നായരെ കെജ്രിവാൾ ഇടനിലക്കാരനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതിന് തെളിവുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഫയല്‍ചെയ്ത കുറ്റപത്രങ്ങളിലൊന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ പേരില്ലെന്ന് കെജ്രിവാളിനുവേണ്ടി ഹാജരായ അഭിഭാഷകൻ വിക്രം ചൗധരി പറഞ്ഞു. സി.ബി.ഐ എഫ്.ഐ.ആറിൽ കെജ്രിവാള് പ്രതിയല്ലെന്നും മറിച്ച് സാക്ഷിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ.ഡി അല്ല സി.ബി.ഐയെ നയിക്കേണ്ടത്. സി.ബി.ഐ സ്വയം പ്രാപ്തമായ സ്വതന്ത്ര സംവിധാനമാണെന്നാണ് കരുതുന്നത്.
ഇ.ഡിയുടെ നടപടികളിൽ ദുരൂഹതയുണ്ട്. രാഷ്ട്രീയമേലാളന്മാരുടെ ഇംഗിതത്തിന് വഴങ്ങിയാണോ നടപടികളെന്ന് സംശയമുണ്ടാക്കുന്ന രീതിയിലാണ് ഇ.ഡി പെരുമാറുന്നത്. ചൻപ്രീത് സിങും വിനോദ് നായരുമടക്കമുള്ളവരെ കേസിൽ കെജ്രിവാളുമായി ബന്ധിപ്പിക്കുന്നതായി കാണിച്ച് ഇ.ഡി ചൂണ്ടിക്കാണിക്കുന്ന തെളിവുകളെല്ലാം തന്നെ അടിസ്ഥാനരഹിതവും അബദ്ധങ്ങളുമാണെന്നും ചൗധരി പറഞ്ഞു.
കെജ്രിവാളിന് സുപ്രീംകോടതി അനുവദിച്ച ജാമ്യക്കാലാവധി ജൂൺ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ അപേക്ഷ നൽകിയെങ്കിലും സുപ്രീംകോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.