ന്യൂഡൽഹി: വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഡൽഹി സർക്കാറിന്റെ സുപ്രധാന പദ്ധതികളിലൊന്നായ, അധ്യാപകരെ വിദേശത്ത് അയച്ച് പരിശീലനം നൽകലിന് ഇടങ്കോലിട്ട ലെഫ്റ്റനന്റ് ഗവർണർ ഒടുവിൽ അയഞ്ഞു. സർക്കാർ സ്കൂൾ അധ്യാപകരെ ഫിൻലൻഡിലേക്ക് പരിശീലനത്തിന് അയക്കാനുള്ള ഫയൽ മാസങ്ങൾ പിടിച്ചുവെച്ച ലെഫ്. ഗവർണർ വി.കെ. സക്സേന ഒടുവിൽ ഉപാധികളോടെ അനുമതിനൽകി.
പദ്ധതിക്ക് തുടക്കംകുറിച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയ ജയിലിൽ ആവുകയും തുടർന്ന് രാജിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് ലെഫ്. ഗവർണറുടെ അനുമതി. അനുമതി വൈകിപ്പിച്ചതിനെ തുടർന്ന് ഡൽഹി സർക്കാറും ആം ആദ്മി പാർട്ടിയും ലെഫ്. ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു.
വിഷയത്തിൽ മുഖ്യമന്ത്രി കെജ്രിവാളിന്റെ നേതൃത്വത്തിൽ വി.കെ. സക്സേനയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയുണ്ടായി. അതിനിടെ സ്കൂളിൽ ‘ഐ ലവ് മനീഷ് സിസോദിയ’ ഫ്ലക്സ് സ്ഥാപിച്ചെന്നാരോപിച്ച് ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിലെ സർക്കാർ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിസോദിയ അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ‘ഐ ലവ് മനീഷ് സിസോദിയ’ എന്ന് എഴുതി ഫ്ലക്സ് ചുമരിൽ തൂക്കുകയും വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ കാമ്പയിന്റെ ഭാഗമായതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.