മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പി.എഫ്.ഐ നേതാവ് ഇബ്രാഹിമിന് ആറു മണിക്കൂർ പരോൾ അനുവദിച്ച് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നിരോധിത സംഘടനയായ പി.എഫ്.ഐയുടെ നേതാവ് ഇബ്രാഹീം പുത്തനത്താണിക്ക് ആറു മണിക്കൂർ പരോൾ അനുവദിച്ച് ഡൽഹി ഹൈകോടതി.

ജൂൺ 18ന് കേരളത്തിൽ വെച്ചാണ് മകളുടെ വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഒരുമാസം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം നൽകിയ അപേക്ഷ മെയ് 24ന് എൻ.ഐ.എ പ്രത്യേക കോടതി തള്ളിയിരുന്നു. പകരം നാലു മണിക്കൂർ പരോൾ അനുവദിക്കുകയാണ് ചെയ്തത്. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച ഇബ്രാഹീം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരുടെ അവധിക്കാല ബെഞ്ച് പരോൾ സമയം നാലു മണിക്കൂർ എന്നതിൽനിന്ന് ആറു മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. മകളുടെ വിവാഹത്തിൽ പിതാവായ ഇബ്രാഹീമിന് നിർണായക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. കാർത്തിക് വേണു കോടതിയെ അറിയിച്ചു.

12 മണിക്കൂർ പരോൾ അനുവദിക്കാൻ കോടതി തയാറായെങ്കിലും നിയമപ്രകാരം അത് സാധ്യമല്ലെന്ന് എൻ.ഐ.എക്ക് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കോടതി ആറു മണിക്കൂറായി ചുരുക്കി. കേരളത്തിൽ വന്നുപോവാനുള്ള ചെലവ് ഇബ്രാഹീം തന്നെ വഹിക്കണമെന്നും കോടതി നിർദേശിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ ആയുധപരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചത് ഇബ്രാഹീം പുത്തനത്താണിയുടെ നേതൃത്വത്തിലാണ് എന്നാണ് എൻ.ഐ.എ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നാണ് ഇബ്രാഹിം അറസ്റ്റിലായത്.

Tags:    
News Summary - Delhi HC allows 6-hrs custody parole to Kerala PFI leader for daughter's marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.