ന്യൂഡൽഹി: മുഗൾ കാലഘട്ടത്തിനും മുമ്പ് നിർമിച്ച മെഹ്റോളിയിലെ സംരക്ഷിത പുരാവസ്തു കെട്ടിടം കൂടിയായ അഖുന്ദ്ജി മസ്ജിദിന്റെ സ്ഥാനത്ത് എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ഡൽഹി ഹൈകോടതി ഡൽഹി വികസന അതോറിറ്റിയെ വിലക്കി. മസ്ജിദ് കമ്മിറ്റിയുടെ അടിയന്തിര അപേക്ഷ പരിഗണിച്ചാണ് ഡൽഹി ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്.
12ന് ഹരജി വീണ്ടും പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നും ഹൈകോടതി ഡി.ഡി.എയോട് ഉത്തരവിട്ടു. പള്ളി ഇടിച്ചുനിരത്തുന്നതിനിടയിൽ പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങൾ തിരിച്ചുകൊടുക്കാമെന്ന് ഡി.ഡി.എ ഡൽഹി ഹൈകോടതിയെ അറിയിച്ചു.
തിങ്കളാഴ്ച മസ്ജിദ് പരിപാലന കമ്മിറ്റി സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഡൽഹി ഹൈകോടതി ഈ ഉത്തരവ് പള്ളി നിന്നിരുന്ന സ്ഥലത്തിന് മാത്രമേ ബാധകമാകുകയുള്ളൂ എന്ന് പ്രത്യേകം വ്യക്തമാക്കി. പള്ളി നിൽക്കുന്ന പ്ലോട്ടിലൊഴികെ മെഹ്റോളിയിൽ ഡൽഹി വികസന അതോറിറ്റി തുടർന്നുകൊണ്ടിരിക്കുന്ന ഇടിച്ചുനിരത്തലുമായി മുന്നോട്ടുപോകാമെന്നും അതിനൊന്നും തൽസ്ഥിതി ഉത്തരവ് ബാധകമല്ലെന്നും ഹൈകോടതി കൂട്ടിച്ചേർത്തു.
നിലവിലുള്ള ഹൈകോടതി ഉത്തരവിന് എതിരായി നിയമവിരുദ്ധമായ ഇടിച്ചുനിരത്തലാണ് ഡി.ഡി.എ നടത്തിയതെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. പള്ളി കമ്മിറ്റി നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടതുപോലെ ഒരു സർവേ നടത്താതെയും നോട്ടീസ് നൽകാതെയുമായിരുന്നു ഇടിച്ചുനിരത്തൽ. ഖുർആൻ കോപ്പികൾ കീറിയെറിഞ്ഞും മദ്രസയിൽ പഠിക്കുന്ന വിദ്യാർഥികളുടെ വസ്ത്രങ്ങളും പഠനോപകരണങ്ങളും നശിപ്പിച്ചും ഡി.ഡി.എയുടെ അതിക്രമം അതിരുകടന്നുവെന്ന് അഭിഭാഷകൻ ബോധിപ്പിച്ചു.
ജനുവരി നാലിന് ചേർന്ന അനധികൃത കൈയേറ്റങ്ങൾ പൊളിക്കാനുള്ള ഡൽഹി റിലീജ്യസ് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് പൊളിച്ചുനീക്കൽ എന്നും ഡൽഹി വഖഫ് ബോർഡിനും പള്ളിപരിപാലന കമ്മിറ്റിക്കും ഇത് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ഡി.ഡി.എ വാദിച്ചു. ഈ വാദം ഖണ്ഡിച്ച മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ജനുവരി നാലിലെ യോഗത്തിൽ പുരാവസ്തു സ്മാരകമായ പള്ളി പൊളിക്കരുതെന്ന് ഡൽഹി വഖഫ് ബോർഡ് സി.ഇ.ഒ എഴുതി നൽകിയത് കോടതിയെ ധരിപ്പിച്ചു. തുടർന്നാണ് പള്ളി കമ്മിറ്റിയുടെ ആവശ്യം ഹൈകോടതി അംഗീകരിച്ചത്. തൽസ്ഥിതി നിലനിർത്താനുള്ള ഉത്തരവ് ദീർഘകാലത്തേക്ക് വേണോ എന്ന് ഹൈകോടതി ചോദിച്ചപ്പോൾ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ മതിയെന്ന് മസ്ജിദ് കമ്മിറ്റി ബോധിപ്പിച്ചു.
പള്ളി ഇടിച്ചുനിരത്തിയത് എന്തിനാണെന്ന് ഡൽഹി ഹൈകോടതി നേരത്തെ ചോദിച്ചിരുന്നു. പള്ളി പൊളിക്കുന്നതിലെത്തിയ നടപടി ക്രമങ്ങൾ വിശദീകരിക്കാനും അതിനാധാരമായ രേഖകൾ സമർപ്പിക്കാനും ഡി.ഡി.എക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
ജനുവരി 30ന് പുലർച്ചെ സുബ്ഹി നമസ്കാരത്തിന് തൊട്ടുമുമ്പാണ് മെഹ്റോളി അഖുന്ദ്ജി പള്ളിയും അതോടു ചേർന്നുള്ള ബഹ്റുൽ ഉലൂം മദ്രസയും പള്ളി ഇമാമിന്റെ താമസ സ്ഥലവും നൂറ്റാണ്ടുകൾ പഴക്കമുള്ള നൂറുകണക്കിന് ഖബറുകളുള്ള ഖബർസ്ഥാനും ഡൽഹി വികസന അഥോറിറ്റി വൻ പൊലീസ് സന്നാഹത്തോടെ വന്ന് നിയമവിരുദ്ധമായി ഇടച്ചുനിരത്തിയത്. മസ്ജിദ് കമ്മിറ്റി പള്ളി സംരക്ഷണത്തിനായി നേരത്തെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ നോട്ടീസ് കൈപ്പറ്റിയിട്ടും ഹാജരാകാതെയായിരുന്നു ഡി.ഡി.എയുടെ നിയമവിരുദ്ധ നടപടി.
ഇമാം അടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈലുകൾ പിടിച്ചെടുത്ത് അവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത് പള്ളിയിലെ വിശുദ്ധ ഖുർആൻ അടക്കമുള്ള മതഗ്രന്ഥങ്ങളും പള്ളിയിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികളുടെ വസ്ത്രങ്ങളും കമ്പിളിപ്പുതപ്പുകളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികളും എടുത്തുമാറ്റാൻ അനുവദിക്കാതെയായിരുന്നു ഇടിച്ചുനിരത്തൽ. തുടർന്ന് വിശ്വാസികൾക്ക് പ്രവേശനം തടഞ്ഞ് സ്ഥലം ഡൽഹി പൊലീസിന്റെ കാവലിലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.