അതിഷി

അതിഷിയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച; തീയതി നിർദേശിച്ച് ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ

ന്യൂഡൽഹി: നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷിക്ക് സെപ്റ്റംബർ 21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്ന് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അരവിന്ദ് കെജ്രിവാളിന്‍റെ രാജിക്കത്ത് നൽകിയ കൂട്ടത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ തീയതിയും സക്സേന നിർദേശിച്ചത്. പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള അനുമതിക്കായി ലഫ്റ്റനന്‍റ് ഗവർണർക്ക് നൽകിയ കത്തിൽ അതിഷി സത്യപ്രതിജ്ഞക്കുള്ള തീയതി നൽകിയിരുന്നില്ല.

ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടിക പിന്നീട് നൽകാമെന്ന് കത്തിൽ പറയുന്നതിലൂടെ, അതിഷി ഒറ്റക്കാവും സത്യപ്രതിജ്ഞ എടുക്കുകയെന്നും സൂചനയുണ്ട്. കെജ്രിവാൾ മന്ത്രിസഭയിലെ ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർ മന്ത്രിമാരായി തുടർന്നേക്കും. പുതുതായി രണ്ട് എ.എ.പി എം.എൽ.എമാരെ കൂടി മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരമുണ്ട്. സെപ്റ്റംബർ 26 മുതൽ വിളിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കണം. അടുത്ത ഫെബ്രുവരി 23 വരെയാണ് നിയമസഭയുടെ കാലാവധി. ഫെബ്രുവരി ആദ്യം തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

അതേസമയം മുഖ്യമന്ത്രി പദത്തിൽനിന്ന് രാജിവെച്ച കെജ്രിവാൾ, ഒരാഴ്ചക്കകം ഔദ്യോഗിക വസതി വിടുമെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് അറിയിച്ചിരുന്നു. മുഖ്യമന്ത്രി‍യെന്ന നിലയിൽ ലഭിച്ച സുരക്ഷയുൾപ്പെടെ, അനുഭവിച്ച എല്ലാ സൗകര്യങ്ങളും കെജ്രിവാൾ ഉപേക്ഷിക്കുമെന്നും സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഔദ്യോഗിക വസതിയൊഴിയുന്നതോടെ കെജ്രിവാൾ എവിടെ താമസിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Delhi Lt Governor Proposes Septeber 21 For Chief Minister Designate Atishi's Oath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.